കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസിലെ പ്രതിയായ 17കാരന്റെ വ്യക്തിവിവരങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സോഷ്യല്‍ മീഡിയയിലെ 17 യൂസര്‍
ഐഡികള്‍ക്കെതിരെയാണ് എറണാകുളം സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പതിനേഴുകാരന്റെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതില്‍ അന്വേഷണ ഉദ്യോഗസ്ഥന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശനം ലഭിച്ചിരുന്നു. വിവരങ്ങള്‍ പ്രചരിപ്പിച്ചതില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കോടതി ചോദിച്ചു. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം. അതേസമയം, പ്രതിയായ 17കാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതി ഉന്നത സ്വാധീനമുള്ളയാളാണ്. തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം അഞ്ചാം തീയതിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
















