കോഴിക്കോട്: സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ‘ക്യാമ്പസ് ടു ബൂത്ത്’ പ്രത്യേക
വോട്ടര്‍ രജിസ്ട്രേഷന് ഡ്രൈവിന് കോഴിക്കോട് ജില്ലയിലെ വിവിധ കോളേജുകളില്‍ തുടക്കമായി. നടക്കാവ് ഹോളി ക്രോസ് കോളേജില്‍ നടന്ന ജില്ലാതല ചടങ്ങ് ജില്ലാ കളക്ടര്‍ എം.എസ്.മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എല്ലാ കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും നവംബര്‍ രണ്ട് മുതല്‍ ഏഴ് വരെ പ്രത്യേക വോട്ടര്‍ എന്റോള്‍മെന്റ് ഹെല്‍പ്പ് ഡെസ്കുകള്‍ പ്രവര്‍ത്തിക്കും. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് എന്റോള്‍മെന്റ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഫ്ലാഷ് മോബ്, ഇലക്ഷന് ക്വസ്റ്റ് ഗെയിം സോണുകള്‍, ഇലക്ഷന് ക്വിസ് തുടങ്ങി വിവിധ
ബോധവല്‍ക്കരണ പരിപാടികളും നടക്കും. 18 വയസ്സ് തികയുന്നവരും നിലവില്‍ 18 വയസ്സ് പൂര്‍ത്തിയായവരുമായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നൂറു ശതമാനം രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക പുരസ്കാരവും സമ്മാനിക്കും. ചടങ്ങില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ.കെ.പ്രതീഷ്, ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ്, ജില്ലാ ഇലക്ഷന് സെല്‍ കോര്‍ഡിനേറ്റര്‍ എം.വിഷ്ണു, കോളേജ് മാനേജര്‍ സി.ജൂലി അഗസ്റ്റിന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ലിജോ ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ജിതിന് തോമസ് എന്നിവര്‍ പങ്കെടുത്തു.














