വടകര: ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പ്രതിരോധത്തിന്റെ പടപ്പാട്ടുകളുമായി
തെരുവോരങ്ങളില്‍ പോരാട്ടത്തിന്റ പുതു ചരിത്രം രചിച്ച് ജന്തര്‍ മന്തര്‍ സമര സായാഹ്നം നാടിന് ആവേശമായി. ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും തച്ചു തകര്‍ക്കാന്‍
ശ്രമിക്കുന്ന സംഘ പരിവാര്‍ നീക്കത്തിനെതിരെ വടകര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ജന്തര്‍ മന്തര്‍ സമര ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുത്തത് ആബാലവൃദ്ധം. നഗര പരിധിയിലെ ടൗണ്‍ഹാള്‍, ജൂബിലി കുളം, സാംസ്കാരിക ചത്വരം, കോട്ടപ്പറമ്പ്, നഗരസഭ ഓഫീസ് പരിസരം എന്നിവിടങ്ങളിലായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും കര്‍ഷകരും കര്‍ഷക തൊഴിലാളികളും വിദ്യാര്‍ഥികളും യുവജനങ്ങളും മഹിളകളും ഉള്‍പ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രകടനങ്ങള്‍ ഗാന്ധി പ്രതിമക്ക് സമീപം സംഗമിച്ച് വന്‍ റാലിയായി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് നടത്തി. ബാന്റ് വാദ്യത്തിന്റയും കളരിപ്പയറ്റിന്റയും നാടന്‍ കലാ രൂപങ്ങളുടെയും അകമ്പടിയോടെ ആയിരങ്ങള്‍ റാലിയില്‍ അണിനിരന്നു. രാത്രി പത്തു വരെ നീണ്ട ഐക്യദാര്‍ഢ്യ സമരത്തിന് രാഷ്ട്രീയ കലാ സാംസ്കാരിക-സാമൂഹിക-സാഹിത്യ രംഗത്തെ നിരവധി പേര് അഭിവാദ്യവുമായെത്തി. വിപ്ലവ, നാടക ഗാനങ്ങളും തെരുവ് നാടകങ്ങളും മുദ്രാവാക്യങ്ങളും ജാലവിദ്യകളുമെല്ലാം സമര പോരാട്ടങ്ങള്‍ക്ക് ഉണര്‍വും ഊര്‍ജവുമായി.
ഐക്യദാര്‍ഢ്യ സമ്മേളനം കെഇഎന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ പി.കെ.ശശി അധ്യക്ഷനായി. ചരിത്രഗ്രന്ഥകാരന്‍ പി.ഹരീന്ദ്രനാഥ്, കവി ശിവദാസ് പുറമേരി, സി.ഭാസ്കരന്, ആര്.സത്യന്, പി.സോമശേഖരന്‍, പി.കെ.ദിവാകരന്, ടി.പി.ഗോപാലന്, കെ.പുഷ്പജ, കെ.പി.ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. ഡല്‍ഹി സമര പോരാളികളായ വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തത് സദസിന് ആവേശമായി. എം.നാരായണന് സ്വാഗതം പറഞ്ഞു.















