കോഴിക്കോട്: കായികകേരളത്തിന്റെ ഓര്‍മച്ചെപ്പില്‍ പൊന്‍തൂവലായി മാറിയ അവിസ്മരണീയമായ നിമിഷങ്ങള്‍ക്ക് 68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയുടെ പ്രധാന
വേദിയായ എന്‍ഐടി മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. അന്താരാഷ്ട്ര തലത്തിലും ഒളിമ്പിക്സിലും ഇന്ത്യയുടെ ത്രിവര്‍ണ പതാക വാനോളമുയര്‍ത്തിയ പ്രതിഭകള്‍ ഒന്നിച്ച് വേദിയിലെത്തി മേളയെയും വളര്‍ന്നുവരുന്ന കുട്ടിത്താരങ്ങളെയും അഭിവാദ്യം ചെയ്തപ്പോള്‍ സ്റ്റേഡിയം ആവേശക്കടലായി മാറി. ഭാവിയിലെ ചാമ്പ്യന്മാര്ക്ക് വലിയൊരു പ്രചോദനവും ഊര്‍ജവും പകരുന്നതായിരുന്നു കായികലോകത്തെ പ്രമുഖരുടെ സാന്നിധ്യം.
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവും ഖേല്‍രത്ന-പദ്മശ്രീ പുരസ്കാര ജേതാവുമായ അഞ്ജു ബോബി ജോര്‍ജ്, ഇന്ത്യന്‍ ഹോക്കിയുടെ ‘ദി ഗ്രേറ്റ് വാള്’ എന്നറിയപ്പെടുന്ന പാരീസ്-ടോക്കിയോ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.ആര്.ശ്രീജേഷ് എന്നിവര്‍ക്കൊപ്പം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ പുരുഷ താരമായ ജോസഫ്.ജെ.എബ്രഹാം, 800, 1500 മീറ്ററുകളിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ ഒളിമ്പ്യന്‍ ജിന്സണ് ജോണ്സണ് എന്നിവരും ആവേശനിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഒന്നിച്ചെത്തി. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ സ്വര്ണ്ണനേട്ടങ്ങളിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ ‘പാലക്കാടന്‍ കാറ്റ്’ പിയു ചിത്ര, 4X400 മീറ്റര്‍ റിലേയിലെ
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണമെഡല്‍ ജേതാവും ഒളിമ്പ്യനുമായ കുഞ്ഞുമുഹമ്മദ്, ഏഷ്യന്‍ ഗെയിംസ് റിലേ സ്വര്‍ണ്ണമെഡല്‍ ജേതാവായ വി.കെ.വിസ്മയ എന്നിവരും കുട്ടിത്താരങ്ങള്‍ക്ക് നവവഴികള്‍ കാട്ടിക്കൊണ്ട് വേദിയില്‍ അണിനിരന്നു. തങ്ങളുടെ കായിക ജീവിതത്തിലെ പോരാട്ടവീര്യവും അനുഭവസമ്പത്തും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അഭിമാന താരങ്ങള്‍ മേളയ്ക്കും അതില്‍ പങ്കെടുക്കുന്ന നവാഗത കായികപ്രതിഭകള്‍ക്കും ആശംസകള്‍ നേര്‍ന്നത്.
നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ലോകത്തിന്റെ ഉച്ചകോടിയില്‍ എത്താന്‍ ഏതൊരു കായികതാരത്തിനും സാധിക്കുമെന്ന വലിയ സന്ദേശം നല്കിയ നിമിഷം, സംസ്ഥാന സ്കൂള്‍ കായികമേളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഏടുകളിലൊന്നായി മാറി.















