കോഴിക്കോട്: സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ (സ്പെഷ്യല്‍ സമ്മറി റിവിഷന്‍) യജ്ഞം 2027-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ക്യാമ്പസ് ടു ബൂത്ത്’ ഡ്രൈവില്‍ പങ്കാളികളാകുന്ന
ഇഎല്‍സി/ എന്‍എസ്എസ് അധ്യാപക കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി കളക്ടര്‍ എം.എസ്.മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനവും കളക്ടര്‍ നിര്‍വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ.കെ.പ്രതീഷ് അധ്യക്ഷത വഹിച്ചു. രണ്ട് സെഷനുകളിലായി സംഘടിപ്പിച്ച പരിശീലനത്തില്‍ വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് താലൂക്കുകളിലെ വിവിധ ഹയര്‍ സെക്കന്ഡറികളിലെയും കോളേജുകളിലെയും കോര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്തു. 2027 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും നിലവില്‍ 17 വയസ് പൂര്‍ത്തിയായവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി നവംബര്‍ രണ്ട് മുതല്‍ ഏഴ് വരെ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളേജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ്, എന്‍എസ്എസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവില്‍ കോളേജിന് അടുത്തുള്ള വില്ലേജ് ഓഫീസുകളിലെ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ രണ്ട് എന്‍എസ്എസ് വോളന്റിയര്‍മാര്‍ വീതം അര്‍ഹരായ വ്യക്തികളെ ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സഹായിക്കുന്നുണ്ട്. കൂടാതെ നേരിട്ട് ലഭിക്കുന്ന അപേക്ഷകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായി ചേര്‍ന്ന് ഡിജിറ്റലൈസ് ചെയ്യാനും സഹായം നല്‍കുന്നുണ്ട്. ഇതിനു പുറമെയാണ് ‘ക്യാമ്പസ് ടു ബൂത്ത്’ ഡ്രൈവ് സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് വിഭാഗം സീനിയര്‍ ക്ലര്‍ക്ക് സി.രാജേഷ്, ടെക്നിക്കല്‍ അസിസ്റ്റന്റ് എം.പ്രയാഗ്, ഇഎല്‍സി ജില്ലാ കോളേജ് കോര്‍ഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ്, ജൂനിയര്‍ സൂപ്രണ്ടും ഇഎല്‍സി ജില്ലാ സ്കൂള്‍ കോര്‍ഡിനേറ്ററുമായ എസ്.കമലേഷ്, ജില്ലാ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, എം.എം.വിഷ്ണു എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.















