കോഴിക്കോട്: അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ സ്വമേധയാ സറണ്ടര്‍ ചെയ്യുന്നതിന് രണ്ടുമാസത്തെ സമയം അനുവദിച്ചു. ഒക്ടോബര്‍ ഒന്‍പത് മുതല്‍ രണ്ടുമാസത്തിനുള്ളില്‍ കാര്‍ഡുകള്‍ സറണ്ടര്‍
ചെയ്യുന്നവര്‍ക്കെതിരെ പിഴയോ മറ്റ് ശിക്ഷാനടപടികളോ സ്വീകരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജീവിത സാഹചര്യങ്ങളിലെ മാറ്റം കാരണം മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡിനുള്ള അര്‍ഹത നഷ്ടപ്പെട്ടിട്ടും കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവസരം അനുവദിച്ചിരിക്കുന്നത്. ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍, സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായനികുതി ദാതാക്കള്‍, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25,000 രൂപയില്‍ കൂടുതലുള്ളവര്‍, നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍ (ഏക വരുമാന മാര്‍ഗമായ ടാക്സി ഒഴികെ) എന്നിവര്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ച് മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യണം. എന്നാല്‍ സര്‍വീസിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, ക്ലാസ് ഫോര്‍ തസ്തികയില്‍ നിന്ന് വിരമിച്ചവര്‍, 5,000 രൂപയില്‍ താഴെ പെന്ഷന് ലഭിക്കുന്നവര്‍ 10,000 രൂപയില്‍ താഴെ സ്വാതന്ത്ര്യ സമര പെന്ഷന് വാങ്ങുന്നവര്‍ എന്നിവരെ റേഷന്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫോണ്‍: 04952370655.















