
പയ്യോളി: മുഖ്യമന്ത്രി വി.ഡി.സതീശന്റെ സ്വപ്ന പദ്ധതിയായ മിഷന് സമുദ്രയുടെ
ഭാഗമായി ടൂറിസ്റ്റ് ക്രൂയിസ് വെസല്‍ ജെട്ടികള്‍ സ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലയില്‍ ഏറ്റവും
അനുയോജ്യമായ സ്ഥലം പയ്യോളിയിലെ കൊളാവിപ്പാലത്താണെന്ന് കണ്ടെത്തി.
കൊയിലാണ്ടി എംഎല്‍എ അഡ്വ.കെ.പ്രവീണ്‍ കുമാര്‍ മിഷന് സമുദ്രയില്‍ കൊയിലാണ്ടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ സംഘമെത്തി പരിശോധന നടത്തി. പോര്‍ട്ട് ഡെപ്യൂട്ടി ഡയരക്ടര്‍ ക്യാപ്ടന് അശ്വനി പ്രതാപിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ തീരപ്രദേശത്ത് നിന്ന് ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ആഴമേറിയ
സ്ഥലമുള്ളത് കൊളാവിപ്പാലത്താണെന്ന് കണ്ടെത്തി. ഇതിന്റെ ഭാഗമായി ഈ പ്രദേശം മേല്‍ പദ്ധതിക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കാന്‍ പാരിസ്ഥിതിക പഠനങ്ങള്‍ ഉള്‍പ്പടെയുള്ളവ നടത്താനും പദ്ധതി രൂപരേഖ തയ്യാറാക്കാനും തീരുമാനമായി.
ഈ ഉദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ടിനെ കുറിച്ചാണ് നിയമസഭയില്‍ മാരിടൈം ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പ്രതിപാദിച്ചത്. ഭാവിയില്‍ ഈ പദ്ധതിയില്‍ ടൂറിസ്റ്റ് വെസല്‍സ് മാത്രമല്ല ചെറിയ കാര്‍ഗോ ഷിപ്പുകള്‍ കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് എംഎല്‍എ പ്രവീണ്‍ കുമാര്‍ പറഞ്ഞു. മിനി ഗോവ, സര്‍ഗാലയ, കുഞ്ഞാലി മരക്കാര്‍ സ്മാരകം, വെളളിയാംകല്ല് എന്നിവ ഉള്‍പ്പെടുത്തി ടൂറിസ്റ്റ് സര്‍ക്യൂട്ട് തന്നെ നിലവില്‍ വരുമെന്നും എംഎല്‍എ പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് എത്തിയ സംഘത്തോടൊപ്പം കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍
ക്യാപ്ടന് ഹരി രാഘവ വാര്യര്‍, ഹൈഡ്രോഗ്രാഫിക് സര്‍വയര്‍ വര്‍ഗീസ് എന്നിവരും ഉണ്ടായിരുന്നു.
പയ്യോളി മുനി ചെയര്‍പേഴ്സണ്‍ എന്‍.സാഹിറ, വൈസ് ചെയര്മാന്
മുജേഷ് ശാസ്ത്രി, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സി.പി. ഫാത്തിമ , പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി. കുഞ്ഞാമു, വാര്‍ഡ് കൗണ്‍സിലര്‍ നിഷ ഗിരീഷ്, മഠത്തില്‍ നാണു, മഠത്തില്‍ അബ്ദുറഹിമാന്, പടന്നയില്‍ പ്രഭാകരന്, ഇ.ടി പപ്പന്, പി.എന്‍ അനില്‍ കുമാര്‍, പി.എം അഷറഫ്, കൊളാവിപ്പാലം രാജന്, എം.ടി.രഞ്ജിത്ത് ലാല്‍ എന്നിവരും വിദഗ്ധ സംഘത്തെ അനുഗമിച്ചു.
-സുധീര്‍ കൊരയങ്ങാട്
















