
ആയഞ്ചേരി: സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ആയഞ്ചേരി യൂണിറ്റ് കുടുംബസംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കായികമേള ആവേശമായി. കടമേരി
കാമിച്ചേരി ചക്കോത്തി ചാലില്‍ പൊയില്‍ ഗ്രൗണ്ടില്‍ നടന്ന കായിക മേളയില്‍ പ്രായം മറന്നും നിരവധി പേര് പങ്കെടുത്തു.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഹാരിസ് മുറിച്ചാണ്ടി കായികമേള ഉദ്ഘാടനം ചെയ്തു. വിശ്രമജീവിതത്തിലും കായിക-സാംസ്കാരിക രംഗങ്ങളില്‍ സജീവമായി ഇടപെടുന്നത് പെന്‍ഷന്‍കാരുടെ ആരോഗ്യവും മാനസിക ഉല്ലാസവും നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വി. കെ. ഹമീദ് അധ്യക്ഷത വഹിച്ചു. കെ. കെ. മൊയ്തു,
അശോകന്, വിനോദന്‍, ടി. എന്‍. ശ്രീധരന്, കായക്കണ്ടി ഹമീദ്, സതീശന് കെ.പി, എന്‍. ശ്രീധരന്, തറമ്മല്‍ ഹമീദ്, കൃഷ്ണദാസന്. ടി. തുടങ്ങിയവര്‍ സംസാരിച്ചു. ടി. ശ്രീധരന് സ്വാഗതം പറഞ്ഞു.
വിവിധ പ്രായത്തിലുള്ള പെന്‍ഷന്‍കാര്‍ക്കായി വിപുലമായ കായിക മത്സരങ്ങളാണ് ഒരുക്കിയത്. വരും ദിവസങ്ങളില്‍ കുടുംബസംഗമത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനവും കലാപരിപാടികളും നടക്കും.
















