കോട്ടയം: കൈക്കൂലിക്കേസില്‍ വൈക്കം സിഐ ഷമീര്‍ഖാനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. അസം സ്വദേശിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഷമീര്‍ഖാന്‍
കൈക്കൂലി വാങ്ങിയത് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഷമീര്ഖാനെതിരെ കര്‍ശന നടപടി വേണമെന്ന് ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഡിഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൈക്കൂലി വാങ്ങുന്നതിനു വേണ്ടി മാത്രമായി ഷമീര്‍ഖാന്‍, കോഴിഫാമില്‍ ജോലി ചെയ്തിരുന്ന അസം സ്വദേശിയുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങിയതായാണ് വിജിലന്‍സ് കണ്ടെത്തിയത്. വൈക്കം കനറാ ബാങ്ക് ശാഖയിലായിരുന്നു അക്കൗണ്ട്. സിഐക്കെതിരെ സ്പെഷ്യല്‍ ബ്രാഞ്ചും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സിഐ ഷമീര്‍ഖാന്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരുന്നു. സിഐ ആയി ചാര്‍ജെടുത്ത് ഒരു മാസത്തിനിടെ ഷമീര്‍ ഖാന് 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതായാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ടിപ്പര്‍ ലോറിക്കാരില്നിന്നും അനധികൃത മണ്ണുകടത്തുകാരില്‍ നിന്നും ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയതിന് ഷമീര്‍ഖാന്റെ ഫോണും എടിഎം കാര്‍ഡും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.















