വടകര: രാജ്യസേവനത്തിനിടെ ജീവന് ബലിയര്‍പ്പിച്ച ധീരരായ പോലീസ് ഉദ്യോഗസ്ഥരുടെ
സ്മരണയ്ക്കായി പോലീസ് സ്മൃതി ദിനം ആചരിച്ചു. 1959 ഒക്ടോബര്‍ 21ന് ലഡാക്കില്‍ ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച 10 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ
സ്മരണാര്‍ഥമാണ് രാജ്യത്ത് പോലീസ് ഒക്ടോബര്‍ 21ന് സ്മൃതി ദിനം ആചരിക്കുന്നത്.
ക്രമസമാധാനപാലനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ത്യാഗപൂര്‍ണമായ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് രാജ്യത്തുടനീളം ഈ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി മെറിന് ജോസഫ് പുഷ്പചക്രം അര്‍പ്പിച്ച് ധീരരായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.















