തിരുവനന്തപുരം: ചര്‍ച്ചയില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുഖ്യമന്ത്രിയോടുള്ള അതൃപ്തി പരസ്യമാക്കി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. താന്‍ തീരുമാനങ്ങള്‍
അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മറുപടി പറയാനാകാത്തതില്‍ ഖേദമുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ അടൂര്‍ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നത് യാതൊരുവിധ ആലോചനയുമില്ലാതെയാണെന്നും തന്നെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിയമിച്ച എഐസിസിയില്‍ പരാതി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം യുഡിഎഫിന്റെ ഒരു യോഗം ഈ അടുത്ത ദിവസങ്ങളിലൊന്നും നടന്നിട്ടില്ല. യുഡിഎഫിന്റെ ചെയര്മാന് എന്നുള്ള നിലയില്‍ മുഖ്യമന്ത്രിയാണ് അതിന് മുന്‍കൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങളൊന്നും പറയാത്തതുകൊണ്ട് വീണ്ടും യോഗം കൂടാന്‍ കഴിഞ്ഞിട്ടില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാനുണ്ട്. യുഡിഎഫിന്റെ കണ്‍വീനര്‍ എന്ന നിലയില്‍ എന്നോട് പല വിഷയങ്ങളെപ്പറ്റിയും മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാറുണ്ട്. അത്തരം വിഷയങ്ങളിലൊന്നും വേണ്ടവിധത്തില്‍ മറുപടി പറയാനുള്ള അവസരം ലഭിച്ചിട്ടില്ല. പല കാര്യങ്ങളിലും
അഭിപ്രായഭിന്നതകളുണ്ടാകുമ്പോള്‍ അത് നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യുന്നത്. എനിക്ക് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കിയത് ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പലരും പല വിഷയങ്ങളെക്കുറിച്ചും ചോദിക്കാറുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ഞാനിവിടെ സംസാരിക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ എന്നോട് യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ല. ഇതിലൊരു പരാതി പറയാനില്ലെങ്കിലും എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ നാളെ ജനങ്ങളെന്നോട് ചോദിച്ചുതുടങ്ങും എന്നുള്ളതുകൊണ്ടാണ് ഞാനിവിടെ സംസാരിക്കുന്നത്. ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ എന്റെ അതൃപ്തി ഞാനറിയിക്കും’- അടൂര്‍ പ്രകാശ് പറഞ്ഞു.















