ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭവുമായി മുന്നോട്ടെന്ന് കോക്രോച്ച് ജനതാപാര്‍ട്ടി (സിജെപി)
സ്ഥാപകന്‍ അഭിജിത് ദിപ്കെ. ഗാന്ധി ജയന്തി ദിനത്തില്‍ മുംബയിലെ ശിവാജി പാര്‍ക്കില്‍ സമരം ആരംഭിക്കുമെന്ന് ദിപ്കെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിഷേധം ശിവാജി പാര്‍ക്കില്‍ തന്നെ നടത്തും. അത് നമ്മുടെ അവകാശമാണ്. ആസാദ് മൈതാനത്ത് പ്രതിഷേധം നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശിവാജി പാര്‍ക്കില്‍ ആരംഭിക്കുന്ന പ്രതിഷേധം രാജ്യമാകെ വ്യാപിപ്പിക്കും. ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കുമ്പോഴേ പ്രതിഷേധം അവസാനിപ്പിക്കൂ. അദ്ദേഹം രാജി വച്ചേ മതിയാകൂ.
അദ്ദേഹം രാജ്യത്തെ വഞ്ചിച്ചു. അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് നമ്മള് ഉറപ്പുവരുത്തുമെന്ന് സിജെപിയുടെ മുഖ്യവക്താവ് സൗരവ് ദാസ് പറഞ്ഞു. ഗ്യാനേഷിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നും എസ്ഐആര്‍ നടപടികള്‍ മരവിപ്പിക്കണമെന്നും അഭിജീത് ആവശ്യപ്പെട്ടു. രാജി വച്ചില്ലെങ്കില്‍ ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹി ജന്തര്‍ മന്ദറിലെ പ്രതിഷേധത്തിന് പിന്നാലെ ഗോവ, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















