വടകര: വിനോദസഞ്ചാര, സാംസ്‌കാരിക മന്ത്രി പി.സി.വിഷ്ണുനാഥ് വടകരയിലെ ടൂറിസ്റ്റ്‌കേന്ദ്രമായ സാന്റ്ബാങ്ക്‌സ് സന്ദര്‍ശിച്ചു. വലിയ ടൂറിസം സാധ്യതകളുള്ള പ്രദേശമാണ്
സാന്റ്ബാങ്ക്‌സെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍, അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും കൃത്യമായ പരിപാലനത്തിന്റെ അഭാവവും കാരണം നിലവില്‍
ശോചനീയാവസ്ഥയിലാണുള്ളതെന്ന് സന്ദര്‍ശന ശേഷം മന്ത്രി വ്യക്തമാക്കി. പ്രദേശത്തെ പ്രവര്‍ത്തനരഹിതമായ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ്, ബോട്ട് ജെട്ടി, ഓപ്പണ്‍ ജിം, ശുചിമുറികള്‍ എന്നിവയുടെ നിലവിലെ അവസ്ഥ മന്ത്രി നേരിട്ട് വിലയിരുത്തി. രാത്രികാലങ്ങളില്‍ വിളക്കുകള്‍ തെളിയുന്നില്ലെന്ന നാട്ടുകാരുടെ പരാതിയും അദ്ദേഹം കേട്ടറിഞ്ഞു.
അടിയന്തരമായി വകുപ്പുതല പരിശോധന നടത്തി പുതുക്കിയ പ്ലാന്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുന്‍പത്തെ നിര്‍മാണത്തിലെ വീഴ്ചകള്‍ പരിഹരിച്ച് മിനി ആംഫി തിയേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ സാന്റ്ബാങ്ക്‌സിനെ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ഷാഫി പറമ്പില്‍ എംപി, കെ.കെ.രമ എംഎല്‍എ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.















