
വടകര: ബാലജനത വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ബാലകലോത്സവവും സാംസ്‌കാരിക ഘോഷയാത്രയും നടക്കും. പരിപാടിയുടെ
ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം അഞ്ചിന് വില്യാപ്പള്ളി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന വര്‍ണശബളമായ ഘോഷയാത്ര നിശ്ചലദൃശ്യങ്ങള്‍, കളരിപ്പയറ്റ്, കോല്‍ക്കളി, ശിങ്കാരിമേളം, ദഫ്മുട്ട്, നാസിക് ഡോള്‍, ഡിജെ, പൂക്കാവടി തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെ വില്യാപ്പള്ളി ടൗണില്‍ എത്തിച്ചേരും
തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രഭാഷകനും നിരൂപകനുമായ പ്രൊഫ. കെ.വി. സജയ് ഉദ്ഘാടനം ചെയ്യും. ബാലജനത വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ദിയ ലക്ഷ്മണന്‍
അധ്യക്ഷത വഹിക്കും. ബാലജനത ജില്ലാ പ്രസിഡന്റ് ദിയ ബിജു മുഖ്യാതിഥിയാകും. എസ്എസ്എഐ ജില്ലാ പ്രസിഡന്റ് സ്‌നേഹില്‍ ശശി ആശംസകള്‍ നേരും. തുടര്‍ന്ന് അകം തിയേറ്റര്‍ ഗ്രൂപ്പ് വടകര അവതരിപ്പിക്കുന്ന ‘ക്ണാപ്പന്‍’ എന്ന നാടകവും, നൃത്ത നൃത്യങ്ങള്‍, കളരിപ്പയറ്റ് തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ.പി. അമര്‍നാഥ്, വൈസ് ചെയര്‍മാന്‍ മുണ്ടോളി രവി, ട്രഷറര്‍ ആര്‍.പി രാജീവന്‍, ദേവനന്ദ എസ്.എസ്, ദേവദത്ത് മലയില്‍ എന്നിവര്‍ പങ്കെടുത്തു.
















