
വൈക്കിലശ്ശേരി തെരു: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കോടേരിതാഴ മുതല്‍ വളയില്‍ മുക്കുവരെയുള്ള തോടിന് ഇരുവശവും കരിങ്കല്‍ ഭിത്തി ഉയരുന്നു.
മാപ്പിളക്കണ്ടി താഴേ മുതല്‍ കോടിയേരി താഴെ വരെ ഏകദേശം ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തോടില്‍ മഴക്കാലം ആരംഭിച്ചാല്‍ പ്രദേശമാകെ വെള്ളത്തില്‍ മുങ്ങുക പതിവാണ്. നടക്കുതാഴ-ചോറോട് കനാലിന്റെ ഭാഗം കൂടിയായ ഈ തോടിന്റെ കരയിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു ചെയ്തുവന്നത്. മൂന്ന് മീറ്റര്‍ വീതിയുള്ള തോടിന്റെ ഇരുവശവും കരിങ്കല്‍ ഭിത്തികള്‍
വരുന്നതോടെ പ്രദേശം വളരെ സുരക്ഷിതമാവും.
ചോറോട് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി 20,00,600 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. സെന്‍ട്രല്‍ ഫിനാന്‍സ് കമ്മീഷന്റെ ഗ്രാന്‍ഡ് ആണ് പദ്ധതി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ടാക്ട് സൊസൈറ്റി ടെന്‍ഡര്‍ എടുത്ത പ്രവൃത്തി തുടങ്ങി. വാര്‍ഡ് മെമ്പര്‍ രേഷ്മ പയോളത്തില്‍, മുന്‍ മെമ്പര്‍ പ്രസാദ് വിലങ്ങില്‍, സ്ഥലം ഉടമകള്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥലം അളന്നു കുറ്റി അടിച്ചു. എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കി പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് യുഎല്‍സിസി അറിയിച്ചു.
















