തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യാ ഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി കെപിസിസി. ഇരു വിഭാഗത്തിനുമെതിരെ
നടപടിയെടുത്തു. രമ്യാ ഹരിദാസിന്റെ കൂടെയുണ്ടായിരുന്ന പാളയം പ്രദീപിനെയും പ്രശ്നമുണ്ടായ വീടിന്റെ ഉടമയും പ്രദേശിക നേതാവുമായ എസ്. സജാദിനെയും സസ്പെൻഡ് ചെയ്തു. കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്മേലാണ് നടപടി. പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്‌പെൻൻ്റ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.
കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ യോഗം
ഇന്ന് കെ പി സി സി ആസ്ഥാനത്ത് ചേർന്നിരുന്നു. കോൺഗ്രസിന്റെ ചിറയിൻകീഴിലെ പ്രാദേശിക നേതാക്കൾ, ഡിസിസി അംഗങ്ങൾ, ആരോപണ വിധേയരായ സജിത്ത് മുട്ടപ്പലം, സജാദ് എന്നിവരുടെ വിശദീകരണം സമിതി രേഖപെടുത്തി. രമ്യ ഹരിദാസ് എംഎൽഎ ഫോൺ വഴിയാണ് സമിതിക്ക് വിശദീകരണം നൽകിയത്.
അതിനിടെ പ്രശ്നങ്ങൾക്ക് കാരണമായി എന്ന് പറയപ്പെടുന്ന പാളയം പ്രദീപ് തന്റെ പേർസണൽ സ്റ്റാഫ് അംഗമാണെന്ന എംഎൽഎയുടെ വാദവും പൊളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച രേഖകളും ഇന്ന് പുറത്ത് വന്നു. പാളയം പ്രദീപിന്റെ മണ്ഡലത്തിലെ സാന്നിധ്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് മൊഴി നൽകാനെത്തിയ ഭൂരിപക്ഷം പേരും വിശദമാക്കിയിരുന്നത്.
















