വടകര: കണ്ണൂക്കര മാടാക്കര പള്ളിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലണ്ടായ സംഘര്‍ഷവും അതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അതിക്രമവും
അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണെന്ന് എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷംസീര്‍ ചോമ്പാലയും സെക്രട്ടറി കെ.കെ. ബഷീറും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
മാടാക്കര പള്ളി മഹല്ല് കമ്മിറ്റിയുടെ ഭരണസാരഥ്യം കയ്യാളുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് കഴിഞ്ഞ ദിവസം രൂക്ഷമാവുകയും ബൂട്ടിട്ട പോലീസ് പള്ളിയില്‍ കയറി അതിക്രമം നടത്താന്‍ ഇടയാക്കുകയും ചെയ്തത്. വര്‍ഷങ്ങളായി ഭരണം നടത്തിയിരുന്ന ഒരു വിഭാഗത്തെ മാറ്റി ഒന്നര
വര്‍ഷം മുന്‍പ് പുതിയ കമ്മിറ്റി നിലവില്‍ വന്നതിന് ശേഷം, പലപ്പോഴായി പഴയ കമ്മിറ്റിയിലെ ചില ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ മഹല്ലിലും പള്ളിയിലും സംഘര്‍ഷങ്ങള്‍ക്ക് ശ്രമിച്ചിട്ടുണ്ട്. തര്‍ക്കങ്ങള്‍ കാരണം മുന്‍പ് രണ്ട് പ്രാവശ്യമെങ്കിലും പള്ളിയിലെ ജമാഅത്ത് മുടങ്ങിയിട്ടുമുണ്ട്. മാടാക്കരയിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇരു പക്ഷത്തും നില്‍ക്കാതെ അവസരോചിതമായി ഇടപെട്ടതുകൊണ്ടും ജനങ്ങള്‍ സംയമനത്തോടെ വിഷയം കൈകാര്യം ചെയ്തതുകൊണ്ടുമാണ് പ്രശ്നം രൂക്ഷമാവാതെ പര്യവസാനിച്ചിരുന്നത്. യാഥാര്‍ഥ്യം ഇതായിരിക്കെ, എംഎല്‍എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കല്‍
അബ്ദുള്ളയുടെ പ്രസ്താവന നിരുത്തരവാദപരമാണ്. ലീഗിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കുന്നതില്‍ ജാഗ്രത കാണിക്കാതെ, ലീഗ് ഭരണത്തില്‍ ബൂട്ടിട്ട പോലീസ് പള്ളിയില്‍ കയറി അതിക്രമം കാണിച്ചതിലുള്ള ജാള്യത മറച്ചുവെക്കാന്‍ വിഷയത്തില്‍ എസ്ഡിപിഐയെ വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് എംഎല്‍എയുടെ നിലവാരത്തിന് യോജിച്ചതല്ല. പ്രദേശവാസികള്‍ പാറക്കലിന്റെ പ്രസ്താവനയെ പുച്ഛിച്ച് തള്ളുമെന്നും എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു.















