തിരുവനന്തപുരം: പകല്‍ സമയത്ത് കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി
വൈദ്യുതി റഗുലേറ്ററി കമ്മീഷന്. 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളില്‍ നിന്ന് 2027 മുതല്‍ തിരിച്ചു പിടിക്കാനും നിര്‍ദേശമുണ്ട്. 2027 മുതല്‍ 2032 വരെ വൈദ്യുതി നിരക്ക് പരിഷ്കരണം എങ്ങനെയാകണമെന്ന മാര്‍ഗനിര്‍ദേശങ്ങളുടെ കരടാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന് പ്രസിദ്ധീകരിച്ചത്. സമയം നോക്കി നിരക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശമുണ്ട്. സോളാര്‍ വൈദ്യുതി സുലഭമായ പകല്‍ സമയത്ത് കുറഞ്ഞ നിരക്ക്. അപ്പോള്‍ ഉയര്‍ന്ന വൈദ്യുതി ഉപയോഗമുള്ള രാത്രിയില്‍ ഉയര്‍ന്ന നിരക്ക്. ഉന്നം പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുറയ്ക്കുകയെന്നതാണ്. ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള പുരപ്പുറ സോളാര്‍ ഉത്പാദകര്‍ക്ക് പീക്ക് സമയത്ത് നിരക്ക് ഇളവ് നല്‍കുന്നതിനെക്കുറിച്ചും കെഎസ്ഇബിക്ക് നിര്‍ദേശം സമര്‍പ്പിക്കാം. ഫിക്സഡ് ചാര്‍ജ് കണക്കാക്കുന്ന രീതിയിലും മാറ്റം വരാം. ഇപ്പോള്‍ സ്ലാബ് അനുസരിച്ചാണ് ഫിക്സ്ഡ് ചാര്‍ജ്. മീറ്റര്‍ സംവിധാനം ആയാല്‍ ആകെ ഉപഭോഗം നോക്കി ഫിക്സഡ് ചാര്‍ജ് നിശ്ചയിക്കണമെന്നാണ് നിര്‍ദേശം. ഇന്ധന സര്‍ചാര്‍ജ് മാസം തോറും
പിരിക്കുന്നവെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശവുണ്ട്. വൈദ്യുതി വാങ്ങാന്‍ ചെലവായ തുക നിരക്കിലൂടെ ഈടാക്കാന്‍ കഴിയാത്തതുമൂലം 2024 വരെ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം 2031ന് മുന്‍പ് നികത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഇത് 2027 മുതല്‍ പിരിക്കുമ്പോള്‍ ചാര്‍ജില്‍ വര്‍ധനയുണ്ടാകും. അതേസമയം, വൈദ്യുതി വാങ്ങല്‍ ചെലവ് കുറയ്ക്കാന്‍ നല്ല ശ്രമം വേണമെന്നാണ് കമ്മീഷന് നിര്‍ദേശം. ദീര്‍ഘകാല ഇടക്കാല കരാറുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. വൈദ്യുതി സംഭരണ പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കാനും കരടില്‍ നിര്‍ദേശമുണ്ട്. പൊതുജനങ്ങള്‍ക്ക് അടുത്ത മാസം 25 വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.














