വടകര: ഒഞ്ചിയം മാടാക്കര പള്ളിയില്‍ വിശ്വാസികള്‍ക്ക് നേരെ പോലീസ് നടത്തിയ
ലാത്തിച്ചാര്‍ജില്‍ മുസ്ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പോലീസിന്റെ അടിസ്ഥാന ചട്ടങ്ങള്‍ ലംഘിച്ച് ആരാധനാലയത്തിന്റെ ഉള്ളില്‍ വരെ ബൂട്ടിട്ട് കയറി അക്രമം നടത്തിയ ചോമ്പാല സിഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും ഉടന്‍ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണം. സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ടിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത്, യുഡിഎഫ് സര്‍ക്കാരിന്റെ പോലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ വെച്ച് പൊറുപ്പിക്കരുതെന്നു യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഇരു
വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ യൂത്ത് ലീഗ് ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. അതേ സമയം ഇത്തരത്തില്‍ നിയമ ലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കിയില്ലെങ്കില്‍ ആരാധനാലയങ്ങളിലുള്ള പോലീസ് അതിക്രമം തുടക്കഥയാവും. ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് അഫ്നാസ് ചോറോടും ജനറല്‍ സെക്രട്ടറി അന്‍സീര്‍ പനോളിയും പറഞ്ഞു.
















