കൊയിലാണ്ടി: നഗരഹൃദയത്തിലെ സ്റ്റേഡിയം വാഹന പാര്‍ക്കിങ്ങിന് വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ കായികപ്രേമികളും വിദ്യാര്‍ഥികളും പ്രതിഷേധത്തിന്.
നിലവില്‍ മഴയെ തുടര്‍ന്ന് സ്റ്റേഡിയത്തിന്റെ മുഴുവന്‍ ഭാഗത്തും വെള്ളക്കെട്ടും ചളിയും
നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിച്ചാല്‍ മണ്ണ് ഇളകി വലിയ കുഴികളും ചാലുകളും രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടെ ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ നടത്താന്‍ കഴിയാത്ത തരത്തില്‍ സ്റ്റേഡിയം നശിക്കുമെന്ന ആശങ്കയാണ് കായികപ്രേമികള്ക്കുള്ളത്. വര്‍ഷങ്ങളായി കൊയിലാണ്ടിയിലെ വിദ്യാര്‍ഥികളും യുവാക്കളും കായികതാരങ്ങളും പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി ആശ്രയിക്കുന്ന പൊതുസ്ഥലമാണ് സ്റ്റേഡിയം. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ പേരില്‍ കായിക ആവശ്യങ്ങള്‍ക്കായി സംരക്ഷിക്കേണ്ട സ്റ്റേഡിയം വാഹന പാര്‍ക്കിങ്ങിന് വിട്ടുകൊടുക്കുന്നത് കായികരംഗത്തോടുള്ള അവഗണനയും കായികപ്രേമികളുടെ അവകാശ നിഷേധവുമാണെന്ന് ഓര്‍മിപ്പിക്കുന്നു. എംഎല്‍എയുടെയും കലക്ടറുടെയും നേതൃത്വത്തിലുള്ള സമിതിയാണ് ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഗതാഗത നിയന്ത്രണത്തിന് ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടത്; അതിനായി സ്റ്റേഡിയത്തിന്റെ കായികപ്രാധാന്യം ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ല. ഓണാവധി കഴിഞ്ഞാല്‍ സബ്ജില്ലാ കായിക മത്സരങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണ്
”സ്റ്റേഡിയം കളിക്കാനുള്ളതാണ്, വാഹനങ്ങള്‍ നിര്‍ത്താനുള്ളതല്ല” എന്ന നിലപാടില്‍ കായികപ്രേമികളും വിദ്യാര്‍ഥികളും ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്ത് വരും. സ്റ്റേഡിയം വാഹന പാര്‍ക്കിങ്ങിന് വിട്ടുകൊടുക്കാനുള്ള തീരുമാനം അടിയന്തരമായി പുനഃപരിശോധിച്ച്, കൊയിലാണ്ടിയുടെ കായികതലമുറയുടെ അവകാശം സംരക്ഷിക്കണമെന്ന് കായികപ്രേമികള്‍ അധികൃതരോട് ആവശ്യപ്പെട്ടു.
-സുധീര്‍ കൊരയങ്ങാട്















