
വടകര: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിക്കാനുള്ള മോദി സര്‍ക്കാറിന്റെ തീരുമാനം ഏകപക്ഷീയവും കേരളത്തോട് കാട്ടുന്ന രാഷ്ട്രീയ വിവേചനത്തിന്റെയും
അവഗണനയുടെയും
ഒടുവിലത്തെ ഉദാഹരണവുമാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഉള്ളാള്‍ മുതല്‍ മംഗലാപുരം വരെ ഉള്‍ക്കൊളളുന്ന ദക്ഷിണ കര്‍ണാടക ഭാഗങ്ങള്‍ ഇനി മുതല്‍ മൈസൂര്‍ റെയില്‍വെ ഡിവിഷന്റെ ഭാഗമാക്കിയുള്ള ഗസറ്റ് വിജ്ഞാപനം കേരളത്തിലെ എംപിമാരെയും സംസ്ഥാന സര്‍ക്കാറിനെയും പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്തിയിട്ടുള്ളതാണ്. കേരളം ഒറ്റക്കെട്ടായി ഈ ക്രൂരമായ വിവേചനത്തിനെതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകണം. പാലക്കാട് ഡിവിഷന്‍ വെട്ടിമുറിക്കുക വഴി ചുരുങ്ങിയത്
600 കോടിയുടെ ചരക്കു വരുമാനമാണ് കുറയുന്നത്. മൊത്തം വാര്‍ഷിക വരുമാനത്തില്‍ 70% കുറവ് സംഭവിക്കുമെന്നത് നിസ്സാരമല്ല. വരുമാനം കുറഞ്ഞു എന്ന് പറഞ്ഞ് പതിറ്റാണ്ടുകളായി തീവണ്ടി യാത്രക്കാര്‍ അനുഭവിക്കുന്ന സൗകര്യങ്ങള്‍ നിഷേധിക്കുകയും ജനങ്ങളെ തീരാ ദുരിതത്തിലാക്കുകയും ചെയ്ത മോദി ഭരണത്തില്‍ ഇതിലപ്പുറവും നടക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിന് സ്വന്തമായി ഒരു റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യവുമായി സംസ്ഥാനം മുന്നോട്ടു പോകുമ്പോഴാണ് പാലക്കാട് ഡിവിഷന്‍ വിഭജിച്ചു കൊണ്ടുളള ഈ ഇരുട്ടടി.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു നടത്തിയ ഈ വില കുറഞ്ഞ
തീരുമാനം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണ്. ഏതാണ്ട് 70000 കി.മീറ്റര്‍ നീളമുള്ള ഇന്ത്യന്‍ റയില്‍വേ ലോകത്തില്‍ നാലാം സ്ഥാനത്താണ്. ഇത് കഴിഞ്ഞ 10 വര്‍ഷം കൊണ്ടുണ്ടായ നേട്ടമാണെന്ന് ആരും കരുതരുത്. കേരളം ഒറ്റക്കെട്ടായി വിഭജന രാഷ്ടീയത്തെ പ്രതിരോധിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യണം. പാലക്കാട് ഡിവിഷന്‍ നിലനിര്‍ത്തുക മാത്രമല്ല കേരളത്തിന് ഒരു റെയില്‍വേ സോണ്‍ കൂടി വേണം എന്നതാണ് കേരളത്തിന്റെ ന്യായമായ ആവശ്യം. പാലക്കാട്ടെ കഞ്ചിക്കോട്ട് റെയില്‍വേ കോച്ച് ഫാക്ടറി എന്ന ചിരകാല സ്വപ്നത്തിന്റെ ചിറകരിഞ്ഞവര്‍ക്ക് കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയില്ലന്നും മുല്ലപ്പള്ളി പറഞ്ഞു.
















