
തലശ്ശേരി: ദേശീയപാതയില്‍ പുന്നോല്‍ പെട്ടിപ്പാലത്ത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ കൂട്ടിയിടിച്ച് ഇരുബസിലെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 73 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍
ഗുരുതരമായി പരിക്കേറ്റ നാല് പേരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കോഴിക്കോട് നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന എംപറര്‍ (ഗംഗോത്രി) ബസും കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലയണ്‍ ബസുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനായി അമിത വേഗതയില്‍ ദിശ തെറ്റി ഓടിയ ലയണ്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ എത്തിയ എംപറര്‍ ബസുമായി
കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. ഡ്രൈവര്‍മാര്‍ ക്യാബിനില്‍ കുടുങ്ങി. ഇരു ബസുകളിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. പലര്‍ക്കും തലക്കും കൈകാലുകള്‍ക്കുമാണ് പരിക്കേറ്റത്.
ബസുകളുടെ കൂട്ടിയിടി ശബ്ദവും കൂട്ട നിലവിളിയും കേട്ട് പരിസരവാസികളും മറ്റ് വാഹനങ്ങളിലുള്ളവരും ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ന്യൂ മാഹി പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആംബുലന്‍സുകളിലും മറ്റ് വാഹനങ്ങളിലും തലശ്ശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
















