വടകര: പുത്തൂര്‍ ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയതായി കണ്ടെത്തിയ ലോറിയും
വാഹനത്തിന് എസ്കോര്‍ട്ട് പോയ ജീപ്പും പോലീസ് പിടിയില്‍. നാട്ടുകാര്‍ തടയാന്‍
ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോയ വാഹനങ്ങള്‍ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. കെഎല്‍ 18 സി 4700 നമ്പര്‍ ലോറിയാണ് മാലിന്യം തള്ളുന്നതിനായി ഉപയോഗിച്ചത്. വാഹനത്തിന് എസ്കോര്‍ട്ട് പോയ കെഎല്‍ 02 എച്ച് 1188 നമ്പര്‍ ജീപ്പും പിടികൂടി. വടകര മുനിസിപ്പാലിറ്റിയിലെ പുത്തൂരിലും അക്ലോത്ത് നടയിലും മൂന്ന് തവണ മാലിന്യം തള്ളിയ സംഘത്തെയാണ് നാട്ടുകാര്‍ കാത്തിരുന്ന് കണ്ടെത്തിയത്. വടകരയില്‍ വെച്ച് തടയാന്‍ ശ്രമിച്ചെങ്കിലും വാഹനങ്ങള്‍ നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഈ വാഹനങ്ങളെ പിന്തുടരുകയും നാദാപുരം ഭാഗത്ത് വെച്ച് എസ്കോര്‍ട്ട് വാഹനമായ ജീപ്പ് പിടികൂടുകയും നാദാപുരം പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ജീപ്പിലുണ്ടായിരുന്ന രണ്ട് പേരെയും വടകര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. രാമനാട്ടുകര സ്വദേശികളായ ഉമ്മര്‍, നൗഷാദ് എന്നിവരെയാണ് പിടികൂടിയത്. പോലീസ് വാഹനത്തെ പിന്തുടരുന്നതിനിടെ മാലിന്യം തള്ളിയ ലോറിയിലെ ഡ്രൈവര്‍ ഉള്‍പെടെ രണ്ടു പേര് വാഹനത്തില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ലോറിയും എസ്കോര്‍ട്ട് വാഹനവും പോലീസ് കസ്റ്റഡിയിലെടുത്ത് വടകര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഓടി രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. പിടിയിലായ രണ്ടു പേരെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.















