
കൊയിലാണ്ടി: പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കിടകത്തിലെ കറുത്തവാവില്‍ സ്ത്രീകളടക്കമുള്ള ആയിരങ്ങള്‍ വ്രതശുദ്ധിയോടെ കടല്‍ തീരത്തും പുഴയോരത്തും വീടുകളിലും ബലിതര്‍പ്പണം നടത്തി സായൂജ്യമടഞ്ഞു. പ്രസിദ്ധമായ മൂടാടി ഉരുപുണ്യ
കാവില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ മൂന്നു മുതല്‍ കടല്‍ക്കരയിലെ ക്ഷേത്ര ബലിത്തറയില്‍ കര്‍മങ്ങള്‍ ആരംഭിച്ചു. ദേശീയ പാതയിലെ കവാടം മുതല്‍ രണ്ട് വരിയായാണ് ബലിതര്‍പ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിട്ടത്. അവിടെ നിന്നു തന്നെ ബലി സാധനങ്ങള്‍ വാങ്ങി ബലിത്തറയിലേക്ക് പ്രവേശിച്ച് തര്‍പ്പണം നടത്തി. തര്‍പ്പണത്തിനു
ശേഷം ക്ഷേത്ര കുളത്തില്‍ കുളിക്കാനും സൗകര്യമുണ്ടായി. പ്രഭാത ഭക്ഷണവും ഒരുക്കി. ഇവിടെ വലിയ സജ്ജീകരകണങ്ങളാണ് ക്ഷേത്ര ഭാരവാഹികള്‍ നടത്തിയത്.
ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവൃത്തികള്‍ ചെയ്തിരുന്നു. കൂടാതെ, കടലിനഭിമുഖമായി സുരക്ഷാവേലികള്‍ സ്ഥാപിച്ചു. പോലീസ്, അഗ്‌നി രക്ഷാ സേന, കോസ്റ്റ് ഗാര്‍ഡ്, മെഡിക്കല്‍ ആംബുലന്‍സ് എന്നിവയുടെ സാന്നിധ്യവുമുണ്ടായി.
കൊയിലാണ്ടി ഹാര്‍ബറില്‍ ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ബലിതര്‍പ്പണം നടത്തി. ഇവിടെയും നൂറുകണക്കിനാളുകളാണ് ബലിതര്‍പ്പണം നടത്തിയത്.
ഭക്തജനങ്ങള്‍ക്കായി എല്ലാവിധ സൗകര്യവും ഒരുക്കിയിരുന്നു
കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ കണയങ്കോട് പുഴക്കരികില്‍ ഭക്തജനങ്ങള്‍ ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മൂന്നു മുതല്‍ തന്നെ ഇവിടെ ബലിതര്‍പ്പണം ആരംഭിച്ചു. സ്റ്റേറ്റ്‌ഹൈവേയില്‍ ഭക്തജനങ്ങളുടെ വാഹനങ്ങള്‍ നിറഞ്ഞു
കുറുവങ്ങാട് പുതിയ കാവ് ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ബലിതര്‍പ്പണം നടത്തി. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. എല്ലാ ക്ഷേത്രങ്ങളിലും പിതൃക്കള്‍ക്കായിപ്രത്യേക തിലഹോമം അടക്കമുള്ള വഴിപാടുകളും ഒരുക്കിയിരുന്നു. പൊയില്‍ക്കാവ്, കാപ്പാട് തീരത്തും ബലിതര്‍പ്പണത്തിനായി നൂറു കണക്കിനാളുകള്‍ എത്തിച്ചേര്‍ന്നു.
-സുധീര്‍ കൊരയങ്ങാട്
















