
വടകര: മുനിസിപ്പല്‍ ഒന്നാം വാര്‍ഡിലെ ആവിക്കല്‍ പാലം അപകടാവസ്ഥയില്‍. വിള്ളല്‍ വീണതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി.
അമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള പാലം പുതുക്കിപണിയണമെന്ന് നാട്ടുകാര്‍
ദീര്‍ഘകാലമായി ആവശ്യപ്പെട്ടു വരികയാണ്. ഈ പ്രദേശത്തെ കടല്‍ഭിത്തി നിര്‍മാണത്തിനു വേണ്ടി വന്‍ ഭാരം വഹിച്ചുള്ള ടോറസ് ലോറികള്‍ കടന്നുപോകുന്നത് പാലത്തിന്റെ ബലക്ഷയത്തിന് ആക്കം കൂട്ടി. ഇത്തരം വാഹനങ്ങള്‍ കടന്നുപോകുന്നത് നിയന്ത്രിക്കണമെന്ന
ആവശ്യം ശക്തമായിരുന്നെങ്കിലും കടല്‍ഭിത്തിയുടെ പരിഗണന വെച്ച് കണ്ണടക്കുകയായിരുന്നു. ഇന്നു രാവിലെ നാല് വലിയ ലോറികള്‍ കടന്നുപോയതോടെ പാലത്തിന്റെ ഒരു ഭാഗത്ത് വിള്ളല്‍ വര്‍ധിച്ചു. സ്ഥിതി ഗരുതരമായതോടെ വാര്‍ഡ് കൗണ്‍സിലര്‍ പി.പി.വ്യാസന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നിയന്ത്രണം ഏര്‍പെടുത്തി. ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ മാത്രമുള്ള സൗകര്യം നിലനിര്‍ത്തിയിട്ടുണ്ട്. ദേശീയപാതയിലെ ഗതാഗതകുരുക്ക് തുടരുന്ന സാഹചര്യത്തില്‍ കൈനാട്ടി-വടകര നഗരം
റൂട്ട് യാത്രക്ക് ഇരുചക്ര വാഹനക്കാരും കാറുകാരും ഓട്ടോക്കാരും ഈ വഴിയാണ് ആശ്രയിക്കുന്നത്.
തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ പാലം എത്രയും വേഗം പുതുക്കിപ്പണിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നഗരസഭയും എംഎല്‍എയും എംപിയും ഇടപെടണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിച്ചു.
















