
വടകര: മേപ്പയില്‍ റോഡിലെ അറത്തില്‍ ഒന്തത്ത് നിന്ന് പുതുപ്പണം കോട്ടക്കടവ് ദേശീയപാതയിലേക്ക് എളുപ്പം പ്രവേശിപ്പിക്കാവുന്ന ജനതാ റോഡ് തകര്‍ന്നത് വാഹനയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ദുരിതമായി. എപ്പോഴും
ഗതാഗതക്കുരുക്കിലമരുന്ന നാരായണനഗരം ഭാഗത്തേക്ക് പോകാതെ ദേശീയപാതയില്‍ എത്താനുള്ള റോഡിന്റെ അവസ്ഥയാണിത്.
ചാനിയംകടവ്, മേമുണ്ട, മേപ്പയില്‍ ഭാഗത്ത് നിന്നു വരുന്നവര്‍ക്ക് കോട്ടക്കടവ് വഴി ദേശീയപാതയിലെത്താന്‍ ഏവരും ആശ്രയിക്കുന്നത് ജനതാറോഡിനെയാണ്. നഗരസഭയിലെ
അഞ്ച് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡ് തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ശരിയായ ഒഴുക്കുചാല്‍ സംവിധാനമില്ലാത്തതിനാല്‍ റോഡില്‍ പലഭാഗങ്ങളിലും ചെളി കെട്ടിനില്‍ക്കുന്നു. നിരവധി വളവും തിരിവുകളുമുള്ളതിനാല്‍ പൊളിഞ്ഞ റോഡിലൂടെ കാല്‍നടയാത്രക്കാര്‍ പോലും ഏറെ ബുദ്ധിമുട്ടായാണ് പോകുന്നത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കരിമ്പനപാലം ഭാഗത്ത് പ്രവൃത്തി നടക്കുമ്പോള്‍ ബസുകളും ലോറികളും ഉള്‍പെടെ ഇതുവഴി പോകാറുണ്ട്. ജല അതോറിറ്റി ടാങ്ക്
നിലകൊള്ളുന്ന ഭാഗമയാതിനാല്‍ പൈപ്പ്ലൈന്‍ പോകുന്ന ഭാഗത്ത് വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഓട്ടോറിക്ഷക്കാര്‍ പോലും ഈ ഭാഗത്തേക്ക് വരാന്‍ മടിക്കുകയാണെന്ന പരാതിയുമുണ്ട്.
അഞ്ചു മീറ്ററിലധികം വീതിയില്‍ പ്രദേശവാസികള്‍ സ്ഥലം സൗജന്യമായി വിട്ടു കൊടുത്ത് ശരാശരി 12 മീറ്ററോളം വീതിയില്‍ നിര്‍മിച്ച വടകരയിലെ ആദ്യത്തെ ‘ജനകീയ റോഡാ’ണിത്. എത്രയും പെട്ടെന്ന് അറ്റകുറ്റപണി നടത്തിയും ഡ്രെയിനേജ് കം ഫുട്പാത്ത് നിര്‍മിച്ചും റോഡ് സംരക്ഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
-ആര്‍. വിജയന്‍
















