
വടകര: മണിയൂര്‍ പഞ്ചായത്തിലെ മന്തരത്തൂരില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 25 പവനോളം സ്വര്‍ണാഭരണങ്ങളും 30,000 രൂപയും നഷ്ടപ്പെട്ടു. ഗാമശ്രീ തനിമ അവില്‍ മില്ലിന്
സമീപം എടത്തില്‍ മീത്തല്‍ മൊയ്തുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിയുന്നത്.
മൊയ്തുവും കുടുംബവും വിനോദയാത്രയ്ക്ക് പോയതായിരുന്നു. അടുക്കള ഭാഗത്തെ ഗ്രില്‍സും വാതിലും തുറന്നു കിടക്കുന്നത് മൊയ്തുവിന്റെ ബന്ധുവിന്റെ ശ്രദ്ധയില്‍ പെട്ടു. ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത് അടുക്കള വാതില്‍ കുത്തിത്തുറക്കുകയായിരുന്നുവെന്ന് കരുതുന്നു. തുടര്‍ന്ന്,
നാട്ടുകാരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ വീടിനകത്തെ അലമാരകളും മറ്റും തുറന്ന് തുണികളും മറ്റും വാരിവലിച്ചിട്ട നിലയില്‍ കാണപ്പെട്ടു.
കുടുംബം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അലമാരയുടെ അടിയില്‍ സൂക്ഷിച്ച 25 പവനോളം സ്വര്‍ണാഭരണങ്ങളും 30,000 രൂപയും നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. വടകര പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ ഫലപ്രദമായ അന്വേഷണത്തിലാണ് പോലീസ്.
















