വടകര: കരകൗശലത്തിലൂടെ മലബാറിന്റെ വിനോദ സഞ്ചാരവികസനത്തില്‍ നെടുംതൂണായി മാറിയ ഇരിങ്ങല്‍ സര്‍ഗാലയയുടെ നേതൃത്വത്തില്‍ സര്‍ഗാലയയിലെ
നെയ്ത്ത് തൊഴിലാളി മോഹനന് നല്ലൂരിനെ ദേശീയ കൈത്തറി ദിനത്തില്‍ ആദരിച്ചു. സര്‍ഗാലയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷാരോണ്‍ വീട്ടില്‍ പൊന്നാട അണിയിച്ചു. ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും നെയ്ത്തുകാരെ ആദരിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്. 1905 ഓഗസ്റ്റ് 7ന് കല്‍ക്കത്ത ടൗണ്‍ഹാളില്‍ ആരംഭിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണയ്ക്കായാണ് ഈ ദിവസം തെരഞ്ഞെടുത്തത്. 2015ലാണ് ഇന്ത്യ ഗവണ്മെന്റ് ആദ്യമായി ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സാംസ്കാരിക വളര്‍ച്ചയ്ക്ക് നെയ്ത്ത് സമൂഹം നല്കുന്ന സംഭാവനകളെ അംഗീകരിക്കുക, ഇന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ ദശലക്ഷകണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന ഈ മേഖലയെ ശാക്തീകരിക്കുക, കൈത്തറി ഉല്പന്നങ്ങള് പരിസ്ഥിതിക്കും ആരോഗ്യത്തിനും അനുയോജ്യമാണെന്ന സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ഈ ദിവസത്തിന്റെ ലക്ഷ്യങ്ങള്‍ എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷാരോണ്‍ അനുമോദന ചടങ്ങില്‍ പറഞ്ഞു.















