വടകര: രൂക്ഷമായ ട്രാഫിക് പ്രശ്നം പരിഹരിക്കണമെന്ന് ബസ്, ഓട്ടോ തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലിങ്ക്
റോഡില്‍ താല്‍ക്കാലികമായി ബസ് പാര്‍ക്കിംഗ് പുനഃരാരംഭിച്ചതെന്ന് കെ.കെ.രമ എംഎല്‍എ വ്യക്തമാക്കി. കഴിഞ്ഞ ദിവസം യോഗം വിളിച്ച് ചേര്‍ത്ത് എല്ലാവരുടെയും അഭിപ്രായം ആരാഞ്ഞ ശേഷം കലക്ടറും എംഎല്‍എയും മുനിസിപ്പല്‍ ചെയര്‍പേഴസണും ആര്‍ഡിഒയും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ കൂടിച്ചേര്‍ന്നാണ് ലിങ്ക് റോഡില്‍ താല്‍ക്കാലികമായി ബസ് പാര്‍ക്കിംഗ് പുനരാരംഭിച്ചത്. ഈ യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ ആരും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന് എംഎല്‍എ വ്യക്തമാക്കി. മഴ മാറി നിന്ന് നാഷണല്‍ ഹൈവേയിലെ സര്‍വീസ് റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നത് വരെയും അതല്ലെങ്കില്‍ ഓണം വരെയെങ്കിലും ഈ പരിഷ്കരണം താല്‍ക്കാലികമായി തുടരും. ഇതിനിടയില്‍ കോഴിക്കോട് എന്‍ഐടിയുമായി ചേര്‍ന്ന് വടകരയിലെ ട്രാഫിക് പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തി അവരുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനും കളക്ടറുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തതായി എംഎല്‍എ അറിയിച്ചു.















