വടകര: എംഡിഎംഎ കേസില്‍ പ്രതികളായി റിമാന്റില്‍ കഴിയുന്ന അധ്യാപികമാരില്‍ മരുതോങ്കര സ്വദേശി കീര്‍ത്തനയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വൈകുന്നേരം
വരെയാണ് വടകര എന്‍ഡിപിഎസ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. വൈകുന്നേരം അഞ്ചു മണിയോടെ തിരികെ കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്. വ്യാഴാഴ്ച കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച കീര്‍ത്തന അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് സത്യമല്ലെന്നും താന്‍ നിരപരാധിയാണെന്നും പറഞ്ഞു. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാനൊരു അധ്യാപികയും ഒരു ആണ്‍കുട്ടിയുടെ അമ്മയുമാണ്. ലഹരിയുമായി ബന്ധപ്പെട്ട് ഒരു ഇടപാടും നടത്തിയിട്ടില്ല. കൊയിലാണ്ടി കാനറ ബാങ്കിലെയും ഗ്രാമീണ്‍ ബാങ്കിലെയും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുത്ത് പരിശോധിച്ചാല്‍ ഇത് ബോധ്യമാവും. അവിടെ മൈനസാണ് അക്കൗണ്ട്. ഇക്കാര്യം മാധ്യമങ്ങള്‍ അറിയണം. കീര്‍ത്തന വിളിച്ചുപറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് എന്‍ഡിപിഎസ് കോടതി ജഡ്ജ് അന്യാസ് തയ്യില്‍ രണ്ടാം പ്രതി കീര്‍ത്തനയെ പോലീസ്
കസ്റ്റഡിയില്‍ വിട്ടത്. ലഹരി സംബന്ധമായ സാമ്പത്തിക ഇടപാടുകള്‍, കേസിലെ മറ്റ് പ്രതികളുമായുള്ള ബന്ധം എന്നിവ അന്വേഷണ സംഘം പരിശോധിക്കും. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും. അതേസമയം, കീര്‍ത്തനയ്‌ക്കെതിരായ സാമ്പത്തിക ഇടപാടുകള്‍ കുറ്റകരമല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ബാങ്ക് അക്കൗണ്ട് വഴി നടന്നത് അയ്യായിരം രൂപയുടെ ഇടപാട് മാത്രമാണെന്നും അതില്‍ നിയമവിരുദ്ധമായ ഒന്നുമില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കീര്‍ത്തനക്കു പുറമെ അധ്യാപികമാരായ കൂരാച്ചുണ്ടിലെ കാവ്യ, ആവളയിലെ നീഷ്മ, ഡെലിവറി ബോയി ഇരിട്ടി സ്വദേശി ജിജില്‍ കുര്യാക്കോസ്, ഈ കേസില്‍ ആദ്യം പിടിയിലായ സഫ്വാന്‍ എന്നിവര്‍ റിമാന്റില്‍ കഴിയുകയാണ്.















