വടകര: അനുദിനം തകര്‍ച്ചയിലുള്ള കോട്ടപ്പറമ്പും പഴയ ബസ് സ്റ്റാന്റും അനാഥമാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് കോട്ടപ്പറമ്പ് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പഴയ
സ്റ്റാന്റില്‍ നിന്നു സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ ഏഴ് വര്‍ഷം മുമ്പ് ലിങ്ക് റോഡിലേക്ക് മാറ്റിയപ്പോള്‍ കോട്ടപ്പറമ്പും പഴയ സ്റ്റാന്റ് പരിസരവും തകര്‍ന്ന നിലയിലായിരുന്നു. നിരവധി തൊഴിലാളികള്‍ക്ക് ജോലി ഇല്ലാതായി. വിലപ്പെട്ട നാല് ജീവനുകള്‍ ലിങ്ക് റോഡില്‍ പൊലിയുകയും ചെയ്തു. ഒട്ടനവധി സംഘടനകള്‍ സമരവുമായി രംഗത്ത് വന്നതിന്റെ ഭാഗമായി പുതിയ നഗരസഭ കൗണ്‍സില്‍ മുന്‍കൈയെടുത്താണ് എല്ലാ ബസുകളും പഴയ സ്റ്റാന്റില്‍ നിന്ന് സര്‍വീസ് നടത്താന്‍ തീരുമാനിച്ചത്. ട്രാഫിക് അഡൈ്വസറി കമ്മിറ്റി മൂന്ന് തവണ വിളിച്ചു ചേര്‍ത്താണ് തീരുമാനം കൈക്കൊണ്ടത്. ലിങ്ക് റോഡില്‍ നിന്നു സര്‍വീസ് നടത്തിയിരുന്ന കൊയിലാണ്ടി, പയ്യോളി, കൊളാവി പാലം ഭാഗത്തേക്കുള്ള ബസുകള്‍ പഴയ
സ്റ്റാന്‍ഡിലേക്ക് മാറിയതോടെ, അനുദിനം തകര്‍ച്ചയില്‍ നിന്ന കോട്ടപ്പറമ്പു ഭാഗത്തെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും വലിയ ആശ്വസം പകര്‍ന്നു. ദേശീയപാതയിലെ സര്‍വീസ് റോഡിന്റെ പേരില്‍ ലിങ്ക് റോഡില്‍ നിന്നു വീണ്ടും ബസ് സര്‍വീസ് നടത്താന്‍ അധികൃതര്‍ എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് കോട്ടപ്പറമ്പ് സംരക്ഷണ സമിതി കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ അലംഭാവം തുടരുകയാണെങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരവുമായി രംഗത്തിറങ്ങുവാന്‍ യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കെ.എന്‍.എ.അമീര്‍ അധ്യക്ഷത വഹിച്ചു. പി.എം.മണി നടക്കുതാഴ, പത്മകുമാര്‍.കെ.പി, സജീവന്‍, കെ.പ്രകാശന്‍, സവാദ് വടകര, പി.കെ.ശശി, കെ.അനസ്, കെ.പി.പ്രസാദ്, പി.ടി.ആര്‍.നിധീഷ് എന്നിവര്‍ സംസാരിച്ചു. ടി.രാജേഷ് സ്വാഗതവും കെ.അഷ്‌കര്‍ നന്ദിയും പറഞ്ഞു.















