വടകര: പ്രിയങ്കരനായിരുന്ന ചെയര്‍മാന്റെ വിയോഗത്തില്‍ അനുശോചിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളും ജീവനക്കാരും
ചേര്‍ന്ന യോഗം വികാരതീവ്രമായ രംഗങ്ങള്‍ക്കു വേദിയായി. കണ്ണീരും ഗദ്ഗദവും വാക്കുകളെ മുറിച്ചു. പലരും സംസാരം മുഴുമിക്കാനാവാതെ വേദിയില്‍നിന്നിറങ്ങി. ചെയര്‍മാന്‍ ഏല്പിച്ചുപോയ സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും അവയുടെ എല്ലാ പൂര്‍ണതയോടും എത്രയും വേഗം സാക്ഷാത്കരിക്കുമെന്ന പ്രതിജ്ഞയായിരുന്നു അനുശോചനം അര്‍പ്പിച്ചവരുടെയെല്ലാം വാക്കുകളില്‍ മുഴങ്ങിയത്. വൈസ് ചെയര്‍മാന്‍ എം.എം.സുരേന്ദ്രന്റെ അധ്യക്ഷതയില്‍ സൊസൈറ്റിയാസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ പി.പ്രകാശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏറ്റവും മികച്ചതു സൃഷ്ടിക്കാനുള്ള ഉത്ക്കടമായ മോഹം, തുല്യതയ്ക്കു വേണ്ടിയുള്ള സമരം, ചേര്‍ത്തുനിര്‍ത്തല്‍, കൈപിടിച്ചുയര്‍ത്തല്‍, എല്ലാം സൗമ്യദീപ്തമായ ആ വ്യക്തിത്വത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നു എന്ന് അനുസ്മരിച്ച പ്രമേയം, ആ സ്‌നേഹവും കരുണയും കരുതലും നാടിന്റെ വികസനത്തിനും ക്ഷേമത്തിനുമായി ഇനിയുമിനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രേരണയാണെന്നു ചൂണ്ടിക്കാട്ടി.
‘ഊരാളുങ്കല്‍ സൊസൈറ്റിയെ ലോകത്തോളം വളര്‍ത്തി മഹാപ്രസ്ഥാനമാക്കി കൈമാറിയാണ് രമേശന്‍ പാലേരി വിടവാങ്ങിയത്. അത് എക്കാലവും സ്മരിക്കപ്പെടും. ശതാബ്ദിയുടെ അനുഭവക്കരുത്തുമായി അടുത്ത കാല്‍ നൂറ്റാണ്ട് എങ്ങനെയൊക്കെ മുന്നേറണം എന്ന സുവ്യക്തമായ കാഴ്ചപ്പാടും ‘വിഷന്‍ ഡോക്യുമെന്റി’ലൂടെ ആ ക്രാന്തദര്‍ശി പകര്‍ന്നുതന്നു.’ പ്രമേയം ചൂണ്ടിക്കാട്ടി. പുതിയ കാലത്തിനും സാങ്കേതിക വിപ്ലവങ്ങള്‍ക്കും അനുസരിച്ചു മുന്നോട്ടു കുതിക്കാനുള്ള ശക്തമായ അടിത്തറയും കാര്യശേഷിയും സ്ഥാപനത്തില്‍ വളര്‍ത്തിയെടുത്ത രമേശന്‍ പാലേരി, കരുത്തുറ്റതും സമര്‍ഥവും സര്‍ഗാത്മകവുമായ നേതൃപാടവം പകര്‍ന്നുതന്ന ഗുരുകൂടിയാണെന്നു പ്രമേയം അനുസ്മരിച്ചു. ‘അദ്ദേഹം കാട്ടിത്തന്ന മാതൃകകളില്‍നിന്ന്, നമ്മള്‍ ഉള്‍ക്കൊണ്ട മൂല്യങ്ങള്‍ മുറുകെപ്പിടിച്ച്,
യുഎല്‍സിസിഎസ് വെട്ടിപ്പിടിക്കുന്ന ഉയരങ്ങളായിരിക്കും അദ്ദേഹത്തിനുള്ള ഏറ്റവും ഉചിതമായ സ്മാരകം.’ പ്രമേയം വിലയിരുത്തി. യുഎല്‍സിസിഎസ് മാനേജിംഗ് ഡയറക്ടര്‍ എസ്.ഷാജു സ്വാഗതം ആശംസിച്ച യോഗത്തില്‍ സീനിയര്‍ ഡയറക്ടര്‍ വി.കെ.അനന്തന്‍, ഡയറക്ടര്‍മാരായ പി.കെ.സുരേഷ് ബാബു, കെ.ടി.രാജന്‍, കെ.ടി.കെ.അജി, ടി.ടി.ഷിജിന്‍, സി.കെ.ശ്രീജിത്ത്, യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എം.കെ.ജയരാജ്, യുഎല്‍ സൈബര്‍ പാര്‍ക്ക് സിഒഒ ടി.കെ.കിഷോര്‍ കുമാര്‍, യുഎല്‍ടിഎസ് സിഇഒ ഹരിശങ്കര്‍, യുഎല്‍ റിസര്‍ച്ച് ഡയറക്ടര്‍ സന്ദേശ്.ഇ.പി, സര്‍ഗാലയ സിഇഒ ഷാരോണ്‍ വീട്ടില്‍, കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് സിഒഒ ടി.യു.ശ്രീപ്രസാദ്, കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാഘവന്‍, മാറ്റര്‍ ലാബ് ജനറല്‍ മാനേജര്‍ ഫ്രെഡ്ഡി സോമന്‍, മനേഷ്.ആര്‍, റേബിന്‍, ബൈജു.എം, എം.പി.കുമാരന്‍, അശോകന്‍.എ, സുരേഷ് ബാബു.കെ.എം., ചന്ദ്രന്‍ പുതിയാടത്തില്‍, അഭിലാഷ് ശങ്കര്‍, ഷാബു.കെ.പി, രോഹന്‍ പ്രഭാകര്‍, രാജീവന്‍.ടി.പി, ഷൈനു.പി, അഭിലാഷ്.കെ, സന്ദീപ്, പ്രവീണ്‍കുമാര്‍, ഹരീന്ദ്രന്‍.കെ., നിജി സുനീഷ്, ബിജോയ്, അജിത് കുമാര്‍.കെ.ടി.കെ, ബിജേഷ്.വി.കെ, ശരത് ലാല്‍.എം എന്നിവര്‍ അനുശോചനം അര്‍പ്പിച്ചു സംസാരിച്ചു. സംഘത്തിലെ മെമ്പര്‍മാര്‍, നോണ്‍ മെമ്പര്‍മാര്‍, ഉപസ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഓഫിസ് സ്റ്റാഫ്, ടെക്ക്‌നിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.















