വടകര: സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചതിനും വിശ്വാസവഞ്ചന നടത്തിയതിനും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കീഴല്‍ താഴെ കുറുങ്ങോട്ട്
ഹര്‍ഷിന (31) നല്‍കിയ പരാതിയിലാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ വടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവ് നടുവണ്ണൂര്‍ തയ്യുള്ളതില്‍ റാഷിദ് (33), ബന്ധുക്കളായ അഫ്‌സത്ത് (45), ഫിദ ഫാത്തിമ (30) എന്നിവരാണ് കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍. 2019 ഫെബ്രുവരി 24നാണ് ഹര്‍ഷിനയും റാഷിദും വിവാഹിതരായത്. പിന്നീട് റാഷിദും രണ്ടും മൂന്നും പ്രതികളും ചേര്‍ന്ന് കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഹര്‍ഷിനയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതോടൊപ്പമാണ് വിശ്വാസ വഞ്ചന നടത്തിയെന്ന കുറ്റവും. വിവാഹസമയത്ത് ഹര്‍ഷിനക്ക് വീട്ടുകാര്‍ നല്‍കിയ 16.5 പവന്‍ സ്വര്‍ണാഭരണം രണ്ടും മൂന്നും പ്രതികള്‍ സ്വന്തം ആവശ്യത്തിനായി എടുത്ത് തിരികെ നല്‍കാതെ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.















