
തിരുവനന്തപുരം: വിദ്യാർഥികൾക്കും സ്ത്രീകൾക്കുമെതിരെ അശ്ലീലവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ആർഎസ്എസ് സഹയാത്രികൻ ടി.ജി. മോഹ
ൻദാസിനെതിരെ പോലീസ് കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ പോലീസാണ് നടപടിയെടുത്തത്. അധിക്ഷേപം, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിക്കൊണ്ടാണ് കേസ്.
ഡൽഹിയിൽ കർഫ്യൂ പ്രഖ്യാപിച്ചശേഷം പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കുനേരേ വെടിവെക്കണമെന്നായിരുന്നു മോഹൻദാസിന്റെ പരാമർശം. ‘എനിക്ക് ഈ സാഹചര്യം കൈയിൽ കിട്ടിയാൽ നാല് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിക്കും. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ മൂന്നുതവണ മൈക്കിൽ ആവശ്യപ്പെടും. പിന്നെ വെടിവെക്കും. ആളുകൾ
ചിതറിയോടും. കുറേപ്പേർ മരിക്കും. കുറേപ്പേർ മരിക്കില്ല. കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും’ എന്നായിരുന്നു വീഡിയോയിൽ മോഹൻദാസിന്റെ പരാമർശം.
ഡൽഹിയിൽ ബലാത്സംഗം നടക്കും. അതിന് പരാതിയുണ്ടാവില്ല. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് അവിടെയുള്ളത്. പ്രത്യേകിച്ച് ഇടതുപക്ഷ, മതനിരപേക്ഷ വിഭാഗത്തിൽപ്പെട്ടവർ. അതിനിടയ്ക്ക് ആരെങ്കിലും ചത്തുകഴിഞ്ഞാൽ അടുത്ത രക്തസാക്ഷികളായി മാറു’മെന്ന് മറ്റൊരു വീഡിയോയിൽ മോഹൻദാസ് പറഞ്ഞിരുന്നു. ഈ പരാമർശങ്ങളിലാണ് കേസെടുത്തത്.
















