
തിരുവനന്തപുരം: മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൊല്ലാം. ഇതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.
സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ചാണിത്. നായകളെ എങ്ങനെ, എപ്പോൾ കൊല്ലാമെന്നതിന് വിശദമായ മാർഗനിർദ്ദേശം ഉടൻ പുറത്തിറക്കും.
നേരത്തെ കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് 9 ലക്ഷത്തോളം തെരുവുനായകളാണുള്ളത്. അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ മേയ് 19നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. അത് പരിഗണിച്ചാണ് സർക്കാർ
ഉത്തരവിറക്കിയത്. ഒരു മാസത്തിനുള്ളിൽ കൃത്യമായ നടപടി കൈക്കൊള്ളാനാവുമെന്നാണ് തദ്ദേശവകുപ്പ് കരുതുന്നത്.
പാലിക്കേണ്ട നിബന്ധനകള്‍
1. പേവിഷം ബാധിച്ചതും ആക്രമണകാരികളുമായ നായ്ക്കളെയാണ് കൊല്ലേണ്ടത്. 2. മരുന്ന് കുത്തിവച്ച് അനുകമ്പാപൂര്‍വം കൊല്ലണമെന്നതാണ് പ്രാഥമിക നയം. 3. ആക്രമണം പതിവായ സ്ഥലങ്ങളിലാണ് നായകളെ കൊല്ലാവുന്നത്. 4. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമവും അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങളും പാലിക്കണം. 5. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യം-വെറ്ററിനറി വകുപ്പുകള്‍ എന്നിവയുടെ ഏകോപനം വേണം. 6. വന്ധീകരണപദ്ധതികള്‍ സമാന്തരമായി നടപ്പാക്കണം.
















