
വടകര: അധ്യാപികമാര്‍ ഉള്‍പെട്ട എംഡിഎംഎ കേസില്‍ മറ്റൊരു യുവതി കൂടി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലെന്ന് വിവരം. അറസ്റ്റിലായ അധ്യാപികമാരുടെ
സുഹൃത്തായ യുവതിയാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ നിലവില്‍ ബംഗളൂരുവിലാണെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ കേസിലെ മുഖ്യപ്രതിയെ കുറിച്ചും പോലീസിന് സൂചന ലഭിച്ചു. വയനാട് സ്വദേശിയായ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ അറസ്റ്റിലായ ഇരിട്ടിയിലെ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. വയനാട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. പ്രതികളുടെ
ബാങ്ക് വിവരങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൂടുതല്‍ പേരെ കുറിച്ചുള്ള സൂചന ലഭിച്ചിരിക്കുന്നത്. വന്‍തുകകളാണ് ഓരോരുത്തരുടെയും അക്കൗണ്ടിലൂടെ കൈമാറിയിരിക്കുന്നത്.
റിമാന്‍ഡില്‍ കഴിയുന്ന കാവ്യ, കീര്‍ത്തന എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൂടാതെ കഴിഞ്ഞ ദിവസം പിടിയിലായ നീഷ്മയെയും ജിജിലിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ സമര്‍പ്പിക്കും.
















