കണ്ണൂര്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ 50 ബസുകള്‍
സര്‍വീസ് അവസാനിപ്പിച്ചതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. കെഎസ്ആര്‍ടിസിയിലെ പ്രിയദര്‍ശിനി സൗജന്യ യാത്ര മൂലം സ്വകാര്യ ബസുടമകളെ കടക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടെന്ന് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജ്കുമാര്‍ കരുവാരത്ത് ആരോപിച്ചു. സര്‍വീസ് അവസാനിപ്പിച്ച ബസുകള്‍ ആര്‍ടിഒയില്‍ ജി-ഫോം സമര്‍പ്പിച്ചു.
കണ്ണൂർ-പയ്യന്നൂർ, ഇരിട്ടി-കണ്ണൂർ റൂട്ടുകളിലാണ് ജില്ലയിലെ സ്വകാര്യ ബസുടമകൾ രൂക്ഷമായ പ്രതിസന്ധി നേരിടുന്നത്. കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ കൂടുതലുള്ളതാണ് ഈ റൂട്ടുകളില്‍ പ്രതിസന്ധി രൂക്ഷമാകാൻ കാരണം. ദിവസവും 1000 രൂപ മുതൽ 1500 രൂപ വരെ നഷ്ടം നേരിടുന്നുണ്ടെന്നാണ് ബസുടമകൾ പറയുന്നത്. മലയോര മേഖലയിൽ സർവീസ് നടത്തുന്ന ബസുടമകളും വെല്ലുവിളി നേരിടുന്നുണ്ട്. ആലക്കോട്, ശ്രീകണ്ഠപുരം
റൂട്ടിലും പ്രതിസന്ധി രൂക്ഷമാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
വര്‍ധിച്ചുവരുന്ന ഡീസല്‍ വില, തൊഴിലാളികളുടെ കൂലി, യാത്രക്കാരുടെ കുറവ് തുടങ്ങിയ പ്രശ്‌നങ്ങളാണ് ബസുടമകളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇന്ധന ചിലവിനായി സ്വകാര്യ ബസുടമകള്‍ ദിവസവും 8000 രൂപയോളമാണ് നീക്കിവെക്കുന്നത്. എഴുപതു മുതല്‍ 80 ലിറ്ററോളം ഇന്ധനമാണ് ബസുകള്‍ക്ക് വേണ്ടത്. കോവിഡ് കാലത്തേക്കാള്‍ രൂക്ഷമായ പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു. സൗജന്യ യാത്ര ആരംഭിച്ചതോടെ തൊഴിലാളികളുടെ വേതനത്തിനാവശ്യമായ തുക പോലും ലഭിക്കുന്നില്ലെന്ന് ബസുടമകള്‍ വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ ബസുടമകള്‍ ഈ മാസം 14ന് ഗതാഗത മന്ത്രിയെ കാണും.
















