
വടകര: ദേശീയപാതയില്‍ വടകര മുനിസിപ്പാലിറ്റിയിലെ പുതുപ്പണത്ത് മണ്ണിടിഞ്ഞ് അപകട ഭീഷണിയിലായ കുടുംബത്തിന് ഉടന്‍ ആശ്വാസ നടപടി വേണമെന്ന ആവശ്യവുമായി
ആക്ഷന്‍ കമ്മിറ്റി രംഗത്ത്. അരവിന്ദ്ഘോഷ് റോഡിനു സമീപം കിഴക്കെ വെന്തുരുത്തി ബാബുവിന്റെ വീടിനു സമീപത്തെ സോയില്‍ നെയിലിങ് നടത്തിയ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇവിടെ മുമ്പും മണ്ണിടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും മണ്ണിടിഞ്ഞതോടെ ബാബുവും കുടുംബവും ഭീതിയിലായി. മണ്ണിടിയുന്ന ഉയര്‍ന്ന ഭാഗത്താണ് ബാബുവിന്റെ വീട്.
റോഡ് നിര്‍മാണത്തിന്റെ തുടക്കത്തിലാണ്
ഇവിടെ ആദ്യം മണ്ണിടിഞ്ഞത്. ഇടിഞ്ഞഭാഗത്ത് കരിങ്കല്ലുകൊണ്ട് ഭിത്തികെട്ടുകയും ഇരുമ്പുവല ഇടുകയും ചെയ്തിരുന്നു. വീണ്ടും മണ്ണിടിഞ്ഞ അവസരത്തില്‍ പരിഹാരം തേടി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇത്തവണ മഴ ആരംഭിച്ചപ്പോള്‍ത്തന്നെ ചെറിയ തോതില്‍ മണ്ണിടിഞ്ഞിരുന്നു. സുരക്ഷ കണക്കിലെടുത്ത് ബാബുവും കുടുംബവും ഇവിടെ ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് മൂടിയെങ്കിലും ശക്തമായ
മഴയില്‍ മണ്ണിടിയുകയാണ്. ബാക്കിഭാഗവും ഏതുനിമിഷവും ഇടിയാവുന്ന സ്ഥിതിയാണ്. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഭീതിയോടെയാണ് ബാബുവും കുടുംബവും കഴിയുന്നത്. വീടിന് സുരക്ഷ ഒരുക്കാന്‍ അടിയന്തര നടപടി വേണമെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ നല്ലാടത്ത് രാഘവന്‍ ആവശ്യപ്പെട്ടു. കരിങ്കല്‍ ഭിത്തി കെട്ടി സുരക്ഷ ഒരുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
















