വടകര: വിവേകാനന്ദ ദര്‍ശനത്തിന്റെ പ്രായോഗിക ആവിഷ്‌കാരമാണ് രാഷ്ട്രീയ സ്വയംസേവക് സംഘമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍
അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് വടകരയില്‍ നടന്ന പൗരസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറില്‍ ബൗദ്ധികതലത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് പ്രജ്ഞാപ്രവാഹ്.
സമര്‍പ്പണത്തിനും സേവനത്തിനും സംഘടനയ്ക്കും മുഖ്യ പ്രാധാന്യം നല്‍കിയാണ് ആര്‍എസ്എസ് ആരംഭിച്ചതെന്ന് ജെ.നന്ദകുമാര്‍ പറഞ്ഞു. കഴിഞ്ഞ നൂറു വര്‍ഷത്തെ സംഘ പ്രവര്‍ത്തനം ഈ ദര്‍ശനത്തെ മുന്‍നിര്‍ത്തിയാണ് മുന്നേറിയത്. ഇതിന്റെ സ്വാഭാവിക പരിണാമമെന്നപോലെ രാഷ്ട്ര ജീവിതത്തിന്റെ സമസ്ത മേഖലകളിലും സമന്വയത്തിന്റെ
ദര്‍ശനവുമായി ആരംഭിച്ച വിവിധ സംഘടനകള്‍ സൃഷ്ടിച്ച മാറ്റം ഇതിന്റെ തുടര്‍ച്ചയാണ്. നിര്‍മതന്മാരെയും നിരീശ്വരവാദികളെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വം. ഹിന്ദുത്വത്തിന്റെ ഈ സവിശേഷതയാണ് സംഘത്തിന്റെ അടിസ്ഥാന ദര്‍ശനമെന്നും വേറിട്ടു പോകാന്‍ ആഗ്രഹിക്കുന്നവരെപ്പോലും അത് ചേര്‍ത്തു നിര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം വടകര ജില്ലാ സംഘചാലക് എ.ശിവരാമന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് വിഭാഗ് സഹ സംഘചാലക് എ.കെ.ശ്രീധരന്‍ പരിപാടിയില്‍ സംബന്ധിച്ചു. ടി.യു.രാജേഷ് സ്വാഗതവും പി.സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.















