
നാദാപുരം: പ്രമുഖ ചിന്തകനും പ്രഭാഷകനും ബൃഹത്തായ പുസ്തക ശേഖരത്തിന്റെ ഉടമയുമായ എം. സി. നാരായണന്‍ നമ്പ്യാരെ പേരോട് എംഐഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍
എന്‍എസ്എസ് വിദ്യാര്‍ഥികള്‍ വായനവാരാചരണത്തിന്റെ ഭാഗമായി വീട്ടിലെത്തി ആദരിച്ചു. പതിറ്റാണ്ടുകളായി തുടര്‍ന്ന് വരുന്ന പുസ്തക വായനയെ കുറിച്ചും പുതിയ തലമുറയില്‍ വായനയെ പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു. പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടും ഏറ്റവും ആനുകാലികമായ പുസ്തകങ്ങള്‍ പോലും വായിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം കുട്ടികള്‍ക്ക് വലിയ പ്രചോദനമായി. എന്‍എസ്എസ് വിദ്യാര്‍ഥികള്‍ തൂണേരി പഞ്ചായത്ത് ഗ്രന്ഥാലയത്തിനായി ശേഖരിക്കുന്ന പുസ്തക ശേഖരണത്തിലേക്ക് അദ്ദേഹം പുസ്തകങ്ങള്‍ കൈമാറി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ എം എം മുഹമ്മദ്, ഷാഹിന പുത്തലത്ത്, അധ്യാപകനും പ്രഭാഷകനുമായ ജാഫര്‍ വാണിമേല്‍ എന്നിവര്‍ സംബന്ധിച്ചു.
















