വടകര: മേമുണ്ട-കീഴല്‍മുക്ക് അമരാവതി റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുകയും വേണമെന്ന്
രാഷ്ട്രീയ യുവജനതാദള്‍ (ആര്‍വൈജെഡി) മേമുണ്ട വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിന്റെ ശോചനീയാവസ്ഥ മൂലം സ്ത്രീകളുള്‍പ്പെടെയുള്ള ഇരുചക്രവാഹന യാത്രക്കാര്‍ നിത്യേന അപകടങ്ങളില്‍പ്പെടുന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. യാത്രക്കാരുമായി പോകുന്ന ഓട്ടോറിക്ഷകള്‍ വലിയ കുഴികളില്‍ കുടുങ്ങുന്നത് പതിവായി. മഴ ശക്തമായതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് റോഡാണോ തോടാണോ എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യം. പ്രദേശത്തെക്കുറിച്ച് ധാരണയില്ലാത്ത ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇതുവഴിയുള്ള യാത്ര അപകടം പിടിച്ചതാവുകയാണ്. മേമുണ്ട ഈസ്റ്റ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഈ റോഡിലൂടെ സഞ്ചരിക്കാന്‍ പ്രയാസപ്പെടുകയാണ്. പ്രസിദ്ധമായ ശ്രീ മേമുണ്ട മഠം നാഗക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങളും പ്രദേശവാസികളും വിദ്യാര്‍ഥികളും ഒരുപോലെ ദുരിതം അനുഭവിക്കുന്നതായി യോഗം വിലയിരുത്തി. പിഎംജിഎസ്‌വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി
6.17 കോടി രൂപ അനുവദിച്ചിട്ടും വര്‍ഷങ്ങളായി നവീകരണ പ്രവര്‍ത്തനം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. റോഡ് വികസനത്തിനായി ഭൂരിഭാഗം ഭൂവുടമകളും സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും ചില ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ തടസ്സങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാകാതിരിക്കാന്‍ കാരണമായത്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പഞ്ചായത്ത് അധികൃതരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ അടിയന്തര മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തണമെന്നും സ്ഥലം വിട്ടുനല്‍കാത്തവരുമായി ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിന്റെ ദുരവസ്ഥ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ അജിത്ത്.പി.എം, നിധീഷ്.എ.കെ, വിഷ്ണു.കെ, അശ്വന്ത് കൃഷ്ണ, ആയുഷ് ദേവ്, ഹരിഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.















