
വടകര: ഇന്ന് സംസ്ഥാനവ്യാപകമായി നടന്ന ഓപ്പറേഷന്‍ പി-ഹണ്ട് പരിശോധനയുടെ
ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ലയില്‍ 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ അശ്ലീല വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്തു കാണുകയും വില്‍ക്കുകയും ചെയ്യുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അന്വേഷണം നടത്തിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയകള്‍ വഴി അശ്ലീല മെസ്സേജുകള്‍ അയച്ചവരുടെ അടക്കം ഫോണുകള്‍
റെയിഡില്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത മുഴുവന്‍ ഫോണുകളും ഫോറന്‍സിക് പരിശോധനകള്‍ക്കായി അയക്കും. പരിശോധനാ ഫലം ലഭിക്കുന്നമുറയ്ക്ക് പ്രതികള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കും. ജില്ലാ പോലീസ് മേധാവി ടി.ഫറാഷിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ വിവിധ സംഘങ്ങളായാണ് പരിശോധന നടത്തിയത്.
















