
വടകര: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എസ്‌ഐടിയുടെ നോട്ടീസ്. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ്
റിബേഷ്, മനീഷ്, അതുല്‍ തുടങ്ങിയവര്‍ക്കാണ് തിങ്കളാഴ്ച ഹാജരാവാന്‍ എസ്‌ഐടി നോട്ടീസ് നല്‍കിയത്. ഇടത് സര്‍ക്കാറിന്റെ കാലത്ത് സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയവരാണ് ഈ മൂന്ന് പേരും.
വടകര സ്‌ക്വാഡ് എന്ന വാട്‌സാപ് ഗ്രൂപ്പിലൂടെയാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത്. റിബേഷ് രാമകൃഷ്ണന് പോസ്റ്റ് ലഭിച്ചത് ഈ ഗ്രൂപ്പില്‍നിന്നാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ബ്ലോക്ക് കമ്മിറ്റി അംഗം ജിതിന്‍ ഭാസ്‌കരന്‍ വഴിയാണ് വടകര സ്‌ക്വാഡ് ഗ്രൂപ്പില്‍ പോസ്റ്റ് എത്തിയതെന്ന് വ്യക്തമായി. നേരത്തെ, അന്വേഷണം റിബേഷില്‍ എത്തി
നിലക്കുകയായിരുന്നു. ശാസ്ത്രീയാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണം മരവിപ്പിച്ചത്.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ മുഴുവന്‍ അന്വേഷണ സംഘം ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം എസ്‌ഐടി ചോദ്യംചെയ്ത് വിട്ടയച്ച ജിതിന്‍ ഭാസ്‌കറിന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ വിവരങ്ങള്‍ ലഭിക്കുന്നതോടെ കേസിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നാണ് എസ്‌ഐടി കരുതുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.മനോഹരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
















