തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫായി നിയമിതനായ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജിവച്ചു. രാജിക്കത്ത് ബെന്നി തോമസ് മുഖ്യമന്ത്രി
വി.ഡി.സതീശനു കൈമാറി. ബന്ധു നിയമനം വിവാദമായതിനു പിന്നാലെയാണ് നടപടി. സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു ബെന്നി തോമസിനെ നിയമിച്ചത്. ബന്ധുനിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തില്‍ സണ്ണി ജോസഫിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പേഴ്‌സണല്‍ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നല്‍കരുതായിരുന്നുവെന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍ വിമര്‍ശനത്തിന് പിന്നാലെയും ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു. ബെന്നിയെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് സഹോദരിയുടെ ഭര്‍ത്താവ് എന്ന മാനദണ്ഡത്തിലല്ല. അദ്ദേഹം നല്ലൊരു പൊതുപ്രവര്‍ത്തകനാണെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം പറയാമെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി.സതീശന്‍ വിഷയത്തില്‍ പ്രതികരിച്ചത്. തുടര്‍ന്നാണ് ബെന്നി രാജി സമര്‍പ്പിച്ചത്.















