
മുക്കാളി: കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്കു പോകുന്ന 56632-ാം നമ്പര്‍ പാസഞ്ചര്‍ ട്രെയിനിന് മുക്കാളിയില്‍ സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാവുന്നു. നേരത്തെ
എക്‌സ്പ്രസ് ആയിരുന്ന ഈ ട്രെയിന്‍ നിലവില്‍ ലോക്കല്‍ ആയി ഓടി കൊണ്ടിരിക്കുകയാണ്. കാലത്ത് 7.40 ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 8.15 ഓടെ മുക്കാളി വഴി കടന്ന് പോവും. ഈ ട്രെയിനിന് സ്റ്റോപ്പ് ലഭിച്ചാല്‍ ദേശീയ പാതയില്‍ ഗതാഗതകുരുക്ക് മൂലം ദുരിതം നേരിടുന്ന യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാവും. അഴിയൂര്‍, ഏറാമല, ഒഞ്ചിയം പഞ്ചായത്തുകളിലെ നുറുകണക്കിന് യാത്രക്കാരുടെ ആശ്രയമാണിത്. നിലവില്‍ വൈകിട്ട് 3.45 കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന കോഴിക്കോട്-ഷൊര്‍ണ്ണൂര്‍ ട്രെയിനിന് മാത്രമാണ് മുക്കാളി സ്റ്റോപ്പ് ഉള്ളത്.
എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് മുക്കാളിയില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ സാങ്കേതിക കാരണങ്ങളാല്‍ കഴിയില്ലെന്നാണ് റെയില്‍വെയുടെ വാദം. ലോക്കല്‍ ട്രെയിനായി
ഓടുന്നതിനാല്‍ സ്റ്റോപ്പ് അനുവദിക്കുന്നതില്‍ യാതൊരു തടസ്സവുമില്ലെന്ന് ചുണ്ടികാണിക്കപ്പെടുന്നു. മുക്കാളി സ്റ്റേഷനില്‍ യാത്ര സുഗമമാക്കാന്‍ നിരവധി പദ്ധതികള്‍ റെയില്‍വെ നടത്തിവരുന്നുണ്ട്.
കണ്ണൂര്‍-കോഴിക്കോട് 56632 നമ്പര്‍ പാസഞ്ചര്‍ ട്രെയിനിന് മുക്കാളി സ്റ്റോപ്പ് അനുവദിക്കണമെന്ന് മുക്കാളി ട്രെയിന്‍ പാസിഞ്ചേഴ്‌സ് ഫോറം സെക്രട്ടറി എം കെ സുരേഷ് ബാബു, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, ബി ജെ പി സംസ്ഥാന സമിതി അംഗം കെ പി ജയകുമാര്‍, കോണ്‍ഗ്രസ് അഴിയൂര്‍ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ്, സിപിഎം ചോമ്പാല്‍ ലോക്കല്‍ സെക്രട്ടറി സുജിത്ത് പുതിയോട്ടില്‍, മുസ്ലിം ലീഗ് അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യു എ റഹീം എന്നിവര്‍ ആവശ്യപ്പെട്ടു.
















