
മിയാമി: ഗ്രൂപ്പ് കെ യില്‍ ഒന്നാംസ്ഥാനം ലക്ഷ്യമിട്ടിറങ്ങിയ പോര്‍ച്ചുഗല്‍ കൊളംബിയയോട് സമനില വഴങ്ങി. ഗോള്‍രഹിത സമനിലയോടെ ഗ്രൂപ്പില്‍നിന്ന്
ഒന്നാംസ്ഥാനക്കാരായി കൊളംബിയയും (ഏഴു പോയിന്റ്) രണ്ടാംസ്ഥാനക്കാരായി പോര്‍ച്ചുഗലും (അഞ്ചുപോയിന്റ്) നോക്കൗട്ടില്‍ കടന്നു. ഗ്രൂപ്പിലെ നിര്‍ണായകമായ മറ്റൊരു മത്സരത്തില്‍ കോംഗോ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഉസ്ബെക്കിസ്താനെ തോല്പിച്ചു. ഇതോടെ മികച്ച മൂന്നാംസ്ഥാനക്കാരുടെ പട്ടികയില്‍ കോംഗോയും നോക്കൗട്ട് ഉറപ്പിച്ചു. ക്രൊയേഷ്യയാണ് റൗണ്ട് ഓഫ് 32 ല്‍ പോര്‍ച്ചുഗലിന്റെ എതിരാളി.
മികച്ച മുന്നേറ്റങ്ങളും അവസരങ്ങളുമായി പോര്‍ച്ചുഗലും
കൊളംബിയയും കളംനിറഞ്ഞ് കളിച്ചെങ്കിലും ഇരുടീമുകള്‍ക്കും ഗോള്‍ എന്ന ലക്ഷ്യത്തിലെത്താനായില്ല. മത്സരത്തിലുടനീളം കൊളംബിയൻ പട പോർച്ചുഗലിനെതിരെ കടുത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും പോർച്ചുഗീസ് ഗോൾകീപ്പർ ഡീഗോ കോസ്റ്റയുടെ തകർപ്പൻ പ്രകടനങ്ങളാണ് കൊളംബിയയ്ക്ക് ഗോൾ നിഷേധിച്ചത്. തുടക്കം മുതല്‍ത്തന്നെ ഇരുടീമും ആക്രമിച്ചു കളിച്ചു. നാലാം മിനുട്ടില്‍ പോര്‍ച്ചുഗലിന്റെയും ഏഴാം മിനുട്ടില്‍ കൊളംബിയയുടെയും ഗോള്‍ശ്രമങ്ങള്‍ പോസ്റ്റിന് പുറത്തുപോയി. 16-ാം മിനുട്ടില്‍ ജോണ്‍ കൊര്‍ദോബയുടെ മികച്ച ശ്രമം പോര്‍ച്ചുഗീസ് കീപ്പര്‍ ഡീഗോ കോസ്റ്റ തട്ടിയകറ്റി. മത്സരത്തിലുടനീളം കൊളംബിയയാണ്
ആധിപത്യം പുലര്‍ത്തിയത്. പന്തടക്കത്തിലും ഗോള്‍മുഖം ലക്ഷ്യമാക്കിയുള്ള ഷോട്ടുകളിലുമെല്ലാം കൊളംബിയ മുന്നിട്ടുനിന്നു. അതേസമയം ഇരുടീമുകളുടേയും ഗോള്‍കീപ്പര്‍മാര്‍ നടത്തിയ സേവുകളും മത്സരത്തില്‍ നിര്‍ണായകമായി. ഇഞ്ചുറി സമയത്ത് കൊളംബിയയ്ക്കായി ഡേവിന്സണ് സാഞ്ചസ് വല കുലുക്കിയെങ്കിലും വാര് പരിശോധനയില്‍ ഓഫ്സൈഡെന്ന് വ്യക്തമായി.
















