
പത്തനംതിട്ട: സിനിമ – സീരിയൽ താരം സന്തോഷ് കെ നായർ (66) അന്തരിച്ചു. ഇന്നുരാവിലെ ആറരയോടെ അടൂർ ഏനാത്തുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. നൂറിലേറെ
സിനിമകളിൽ വേഷമിട്ട താരമാണ്. സന്തോഷും ഭാര്യ രാജലക്ഷ്മിയുമാണ് കാറിലുണ്ടായിരുന്നത്. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്നു. വാഹനം നിയന്ത്രണം തെറ്റി എതിരെവന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സന്തോഷ് ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തിന് പിന്നാലെ ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എട്ടുമണിയോടെ മരണം സ്ഥിരീകരിച്ചു. രാജലക്ഷ്മിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്.
ഇടക്കാലത്ത് സിനിമകളിൽ നിന്ന് വിട്ടുനിന്ന സന്തോഷ് അടുത്തിടെ വീണ്ടും സജീവമായിരുന്നു. കൃഷ്‌ണദാസ് മുരളി ഒരുക്കിയ മോഹിനിയാട്ടമാണ് സന്തോഷ്
അവസാനമായി അഭിനയിച്ച ചിത്രം. നാട്ടുരാജാവ്, റൺവേ, വെട്ടം, കൊച്ചി രാജാവ്, ചന്ദ്രോത്സവം, ദി ടൈഗർ, കാര്യസ്ഥൻ, സൗണ്ട് തോമ തുടങ്ങിയ സിനിമകളിൽ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. തിരുവനന്തപുരം സ്വദേശിയാണ് സന്തോഷ് കെ നായർ. ഹെഡ് മാസ്‌റ്ററായിരുന്ന സിഎൻ കേശവൻ നായരും അധ്യാപികയായിരുന്ന രാജലക്ഷ്‌മിയമ്മയും ആണ് മാതാപിതാക്കൾ. തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭാര്യ ശുഭശ്രീയും ഒരു മകളും ഉൾപ്പെടുന്നതാണ് കുടുംബം.
















