
തൃശൂര്‍: സംസ്ഥാനത്ത് ആനക്കലിയില്‍ വെള്ളിയാഴ്ച രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും ഇരിങ്ങാലക്കുട കൂടല്‍മാണിക്യം
ക്ഷേത്രത്തിലുമാണ് ഉത്സവത്തിനെത്തിച്ച ആനകള്‍ ഇടഞ്ഞത്.
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടയുകയും രണ്ടാം പാപ്പാനെ ചവിട്ടിക്കൊല്ലുകയും ചെയ്തു. ഇരുപത്തിയഞ്ചുകാരനായ ശ്രീക്കുട്ടനാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒന്നാം പാപ്പാന്‍ അമല്‍ (28) ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ‘വാഴ്വാടി കാശിനാഥന്‍’ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന വിളക്കെഴുന്നള്ളിപ്പിന് ഇതേ ആന ഇടയുകയും
കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ അക്രമിക്കുകകയും ചെയ്തിരുന്നു. ശേഷം ആനയെ ദേവസ്വം പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ ആന വീണ്ടും അക്രമസക്തനാവുകയും തളച്ചിരുന്ന പറമ്പിലെ താല്‍ക്കാലിക ഷെഡ് തകര്‍ക്കുകയും പാപ്പാന്‍മാരെ ആക്രമിക്കുകയുമായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നെഞ്ചില്‍ ചവിട്ടേറ്റ രണ്ടാം പാപ്പാന്‍ ശ്രീക്കുട്ടന്‍ മരണപ്പെട്ടു.
എറണാകുളം അങ്കമാലി കിടങ്ങൂരിലാണ് രണ്ടാമത്തെ സംഭവം. വിരണ്ടോടിയ ആന ഒരാളെ ചവിട്ടിക്കൊല്ലുകയായിരുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവര്‍ പത്തനംതിട്ട സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം ഭീതിപരത്തിയ മയ്യനാട് അരുണിമ
പാര്‍ഥസാരഥി എന്ന ആന ആക്രമണത്തിനു ശേഷം വിഷ്ണുവിനരികില്‍ തുടര്‍ന്നതിനാല്‍ ഏറെ സമയം കഴിഞ്ഞാണ് മൃതദേഹം അവിടെ നിന്നുമാറ്റിയത്. ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാന്‍ തുടങ്ങുമ്പോഴാണ് വിഷ്ണുവിനെ ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. രണ്ടാം പാപ്പാന്‍ പ്രദീപിനെ ഗുരുതര പരിക്കുകളോടെ അങ്കമാലി ഈസ്റ്റ് ഫ്‌ലവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് മണിക്കൂര്‍ പരിഭ്രാന്തി സൃഷ്ടിച്ച ആനയെ ആര്‍ആര്‍ടി സംഘമെത്തി മയക്കുവെടി വച്ചാണ് തളച്ചത്. പ്രദേശത്തെ കാറും ബൈക്കുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആന തകര്‍ത്തു.
















