ആലപ്പുഴ: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ലെന്നും നാലാം തീയതി വരെ കാത്തിരിക്കുന്നതല്ലേ ശരിയെന്നും വെള്ളാപ്പള്ളി നടേശന്‍. ചെറിയ ഭൂരിപക്ഷത്തില്‍
എങ്കിലും പിണറായി സര്‍ക്കാര്‍ വരുമെന്ന പറഞ്ഞ വെളളാപ്പള്ളി ഒരുപക്ഷെ അത് തന്റെ ആഗ്രഹമായിരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. ഇടത് പക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു. ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും എല്‍ഡിഎഫ് വരുമെന്നാണ് കണക്ക് കൂട്ടല്‍. ലീഗ് നേതാക്കള്‍ പറയുന്നത് സതീശന്‍ മുഖ്യമന്ത്രി ആകണമെന്നാണ്. ലീഗ് അങ്ങനെ ഒരു അഭിപ്രായം പറയാന്‍ പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രി ആകണമെന്ന് കോണ്‍ഗ്രസ് ആണ് പറയേണ്ടത്, ലീഗ് അല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. ലീഗായിരിക്കും ഭരിക്കുന്നത്. യുഡിഎഫ് വന്നാല്‍ എന്ത്
സംഭവിക്കും എന്നതിന്റെ തെളിവാണിത്. മാറാട് ആവര്‍ത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല. പെട്ടി പൊട്ടിച്ചാല്‍ ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം എങ്കിലും വേണമെന്ന് പറയും. യുഡിഎഫിലെ ഘടകകക്ഷികള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്നവരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇടതുപക്ഷം തോറ്റാല്‍ ജനാധിപത്യം തോറ്റു എന്നാണ് അര്‍ഥം. അവിടെ മതാധിപത്യം ജയിക്കും. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഹോമവും തുലാഭാരവും നടത്തുന്ന നേതാക്കളാണ്. ഇവരൊക്കെ അധികാരത്തില്‍ വന്നാല്‍ എന്താവും അവസ്ഥ? കെ സി വേണുഗോപാലും സതീശനും ചെന്നിത്തലയും പരവശരായി നടക്കുകയാണ്.-വെള്ളാപ്പള്ളി പരിഹാസിച്ചു.
















