
ഓര്‍ക്കാട്ടേരി: കരള്‍ രോഗ ബാധിതനായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സ തേടുന്ന വൈക്കിലശ്ശേരിയിലെ പൂവത്താം കണ്ടി നിഷാദിനായി നാട് ഒന്നിക്കുന്നു. അറുപത്
ലക്ഷത്തോളം രൂപ ചെലവുവരുന്ന ചികിത്സക്കായി വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനും കെ.കെ.സദാശിവന്‍ കണ്‍വീനറും കെ.ഇ.ഇസ്മയില്‍ ഖജാന്‍ജിയുമായി 251 അംഗ നിധി ശേഖരണ കമ്മിറ്റിക്ക് രൂപം നല്‍കി.
ജീവകാരുണ്യരംഗത്തും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും മുന്നിട്ട് നില്‍ക്കുന്ന നിഷാദിന് ഇങ്ങനെയൊരു രോഗം പിടിപെട്ടപ്പോള്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി സഹായമേകാന്‍
തീരുമാനിക്കുകയായിരുന്നു. കരള്‍ മാറ്റിവെച്ച് 24 ദിവസം കൊണ്ട് നിഷാദിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാവുമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. നാല്‍പത്തിയെട്ടുകാരനായ നിഷാദിന് വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളാണുള്ളത്. വയറിംഗും പ്ലംബിംഗും ജോലി ചെയ്യുന്ന നിഷാദിന് ആവശ്യമായ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
ഷാഫി പറമ്പില്‍ എംപി, കെ.കെ. രമ എംഎല്‍എ, മുന്‍ എംഎല്‍എ പാറക്കല്‍ അബദുള്ള,
പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജി പ്രമോദ് (ചോറോട്), ഒ.കെ.കുഞ്ഞബ്ദുള്ള (ഏറാമല), ഷജിന കൊടക്കാട്ട് (ഒഞ്ചിയം) എന്നിവര്‍ രക്ഷാധികാരികളാണ്. യോഗത്തില്‍ ഇ.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.രമ, എന്‍ വേണു, ഒ.കെ.കുഞ്ഞബ്ദുള്ള, ഷൈജി പ്രമോദ്, ടി.പി.മിനിക, ടി.എം.രാജന്‍, ഷക്കീല ഈങ്ങോളി, എ.കെ.വിജയന്‍, വി.പി.ബഷീര്‍, എം.എം.നാരായണന്‍, മനോജ്.ത.പു എന്നിവര്‍ സംസാരിച്ചു. ഫെബ്രുവരി 22 ന് ആരംഭിക്കുന്ന നിധിശേഖരണം മാര്‍ച്ച് 10 ന് അവസാനിക്കും.
















